Saturday, July 2, 2011

മഹാപ്രസ്ഥാനത്തിന്റെ സ്മൃതിപഥങ്ങളിലൂടെ …..ആദിമ സൗന്ദര്യത്തിന്റെ ശൈലശൃംഗങ്ങളിലൂടെ…… ഒരു ദേശാടനം


ആദ്യ ഹിമാലയ യാത്രയിലാണു ആദ്യമായി സത്യപഥത്തെക്കുറിച്ചും സ്വർഗ്ഗാരോഹിണി കൊടുമുടിയെക്കുറിച്ചുമൊക്കെ കേൾക്കാനിടവന്നത്. റാവൽജിയുടെ സംഭാഷണ ശകലമിങ്ങനെയായിരുന്നു.”ഇവിടെ നിന്നും 35 കിലോമീറ്റർ അകലെ ത്രികോണാകൃതിയിലുള്ള ഒരു തടാകമുണ്ട്, സതോപന്ത് തടാകം, താത്പര്യമുണ്ടെങ്കിൽ പോകാം.പക്ഷേ കുറച്ച് നടക്കാനുണ്ട് മഞ്ഞുമൂടിക്കിടക്കുന്ന പ്രദേശമാണു.”അന്നത്തെ യാത്രയിൽ സതോപന്ത് ഉൾപ്പെടുത്താനായില്ലെങ്കിലും ആ വാക്കുകൾ ഞങ്ങൾ മറന്നിരുന്നില്ല.പിന്നീട് വർഷാവർഷം ആഗസ്റ്റ് –സെപ്തംബർ മാസങ്ങളിൽ സുരേന്ദ്രനുമൊന്നിച്ചുള്ള ഹിമാലയ ദേശാടനത്തിലൊരുനാൾ ഉരുത്തിരിഞ്ഞു വന്നതായിരുന്നു സതോപന്ത് യാത്ര. ഹിമവൽ ശൃംഗങ്ങൾക്ക് നടുവിൽ ത്രികോണാകൃതിയിലുള്ള സരോവരം സ്വപ്നത്തിൽ കാണുകയായിരുന്നു.2008 ലെ യാത്രയെക്കുറിച്ച് സഹയാത്രികനായ സുരേന്ദ്രനോട് ചർച്ച ചെയ്യുന്നതിനിടയിൽ സതോപന്ത് കടന്നുവന്നു. സുരേന്ദ്രനും സമ്മതം! പിന്നീട് യാത്രയ്ക്കുള്ള മുന്നൊരുക്കങ്ങളായിരുന്നു. വിഷ്ണുനമ്പൂതിരിയെ വിളിച്ച് ഹരിദ്വാറിലെ താമസവും മറ്റും ശരിയാക്കി. ശങ്കരേട്ടനെ വിളിച്ച് ബദരിയിലെ കാലാവസ്ഥയെക്കുറിച്ച് വിശദമായി അന്വേഷിച്ചു. ഇത്തവണ ഞങ്ങളുടെ ലക്ഷ്യം സതോപന്താണെന്നറിഞ്ഞപ്പോൾ ശങ്കരേട്ടൻ യാത്രയ്ക്ക് വേണ്ട സൗകര്യങ്ങളെല്ലാം ശരിയാക്കിത്തരാമെന്നേറ്റു. അങ്ങനെ ജൂലായ് 28നു ദില്ലിയിലേക്ക് പുറപ്പെട്ടു. തലസ്ഥാന നഗരിക്ക് കാര്യമായ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. തിരക്കൊഴിഞ്ഞ ബസ് സ്റ്റാന്റിൽ നിന്നും ഹരിദ്വാറിലേക്ക് ബസ് കയറുമ്പോൾ സമയം രാത്രി 11.30 കഴിഞ്ഞിരുന്നു. ടിക്കറ്റ് രാവിലെത്തന്നെ ബുക്ക് ചെയ്തിരുന്നതിനാൽ സീറ്റിനുവേണ്ടി തിക്കിത്തിരക്കേണ്ടി വന്നില്ല.സുദീർഘമായ ട്രെയിൻ യാത്രയുടെ ക്ഷീണം കാരണം ബസിൽ കയറിയപ്പോഴേ ഉറക്കം തൂങ്ങിത്തുടങ്ങി. രാവിലെ അഞ്ച് മണിയോടെ ഹരിദ്വാറിലെത്തി. ഇതിനോടകം തന്നെ ഹരിദ്വാറും പരിസരവും ചിരപരിചിതമായിരുന്നു.അയ്യപ്പക്ഷേത്രത്തിലേക്ക് നടന്നപ്പോൾ ആദ്യ ഹിമാലയ യാത്രയുടെ സ്മരണകൾ ഓടിയെത്തി. വിഷ്ണു നമ്പൂതിരി താമസമെല്ലാം ശരിയാക്കിയിരുന്നു.അല്പനേരത്തെ വിശ്രമത്തിനു ശേഷം മനസാദേവി ക്ഷേത്രദർശനത്തിനു പോയി.
ഹരിദ്വാറിനോടും ഋഷികേശിനോടും ദേവഭൂമിയിലേക്കുള്ള പ്രവേശനകവാടമെന്ന ആത്മബന്ധമുണ്ട്. മനസാദേവി ദർശനത്തിനു ശേഷം ഋഷികേശിലേക്ക് ഒരു ഓട്ടോയിൽ പുറപ്പെട്ടു.ഋഷികേശിൽ ധാരാളം ക്ഷേത്രങ്ങളും ആശ്രമങ്ങളുമുണ്ട്.ഗംഗാനദിക്ക് കുറുകെ രണ്ട് തൂക്ക് പാലങ്ങൾ പണിതിരിക്കുന്നു.രാം ഝൂലയും ലക്ഷ്മൺ ഝൂലയും.ഗംഗയുടെ തീരത്തിലൂടെ അല്പദൂരം നടന്നു.ദീപാലംകൃതമാണു ഋഷികേശ്. സമയക്കുറവ് മൂലം തിരിച്ച് ഹരിദ്വാറിലേക്ക് മടങ്ങി.
അയ്യപ്പക്ഷേത്രത്തിൽ നിന്ന് 8 മണിയോടെ അത്താഴം കഴിച്ച് ഞങ്ങൾ ഉറങ്ങാൻ കിടന്നു. പിറ്റേന്ന് രാവിലെ 4 മണിക്ക് തന്നെ എഴുന്നേറ്റു. പ്രഭാതകൃത്യങ്ങൾക്ക് ശേഷം ബസ് സ്റ്റാന്റിലേക്ക് നടന്നു. 5 മണിക്കാണു ബദരിയിലേക്കുള്ള ബസ്. വിഷ്ണു നമ്പൂതിരി തലേന്ന് തന്നെ ടിക്കറ്റ് ബൂക്ക് ചെയ്തിരുന്നു. കൃത്യസമയത്ത് തന്നെ ബസ് പുറപ്പെട്ടു. ജയ് ബദരി വിശാൽ..ആരോ വിളിച്ചു പറഞ്ഞു, ഞങ്ങളെല്ലാവരും അത് ഏറ്റു വിളിച്ചു.”ജയ് ബദരി വിശാൽ”!
11 മണിയോടെ ഞങ്ങൾ രുദ്രപ്രയാഗിലെത്തി. പ്രയാഗ് എന്നാൽ സംഗമം എന്നർഥം. മന്ദാകിനിയും അളകനന്ദയും ഇവിടെ സംഗമിക്കുന്നു. പ്രഭാത ഭക്ഷണത്തിനായി കുറച്ച്നേരം വാഹനം നിർത്തി.രുദ്രപ്രയാഗിൽ നിന്നും പിന്നീടുള്ള യാത്ര ദുർഘടമായ മലമ്പാതയിലൂടെയാണു.ചെങ്കുത്തായ മലനിരകളിലൂടെയുള്ള യാത്ര അത്യന്തം ഭീതിജനകമായിരുന്നു.താഴെ അത്യഗാധതയിലൂടെ ഒഴുകുന്ന അളകനന്ദ. കർണ്ണപ്രയാഗും നന്ദപ്രയാഗും താണ്ടി ഉച്ചയോടെ ഞങ്ങൾ ചമോളിയിലെത്തി.ഹെയർപിൻ വളവുകളും മലയിടുക്കുകളുമാണു പിന്നീടുള്ള യാത്രയിൽ…ജോഷമഠിൽ നിന്നും വൺവേ ട്രാഫിക് ആയിരുന്നു ബദരിയിലേക്ക്.ഹിമാലയ പർവ്വതനിരകൾക്ക് പ്രായം കുറവാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു.മലയിടിച്ചിൽ ഈ പ്രദേശങ്ങളിൽ നിത്യസംഭവമാണു. വിഷ്ണുപ്രയാഗിലാണു മലയിടിച്ചിൽ കൂടുതൽ ഉണ്ടാകുന്നത്.ഗതാഗത തടസ്സം സാധാരണമാണു.പട്ടാളത്തിനാണു റോഡ് പരിപാലനത്തിന്റെ ചുമതല. കാലാവസ്ഥ അനുകൂലമായിരുന്നതിനാൽ സന്ധ്യയോടെ ബദരിനാഥിലെത്താൻ സാധിച്ചു.
റാവൽജിയെ കണ്ട് സതോപന്ത് യാത്രയെക്കുറിച്ച് ധരിപ്പിച്ചു. വഴികാട്ടിയായി ബാബുസ്വാമിയെന്ന ഗുരുവായൂരുകാരനെ റാവൽജി ഏർപ്പാടാക്കി.യാത്രയ്ക്ക് വേണ്ട സാമഗ്രികളൊരുക്കുവാനായ് ബാബു സ്വാമി ഇരുട്ടിൽ മറഞ്ഞു.ഞങ്ങൾ ക്ഷേത്രദർശനത്തിനായി പോയി. 8 മണിയോടെ ബാബുസ്വാമി അഞ്ച് ദിവസത്തെ യാത്രയ്ക്കു വേണ്ട ടെന്റ്, സ്റ്റൗ,ധാന്യങ്ങൾ,പച്ചക്കറികൾ,ബിസ്കറ്റ്,ചപ്പാത്തി എന്നിവ പാക്ക് ചെയ്തു. റാവൽജിയുടെ ഭവനത്തിൽ നിന്ന് ഭക്ഷണം കഴിച്ച് ഞങ്ങൾ വിശപ്പടക്കി.അതി രാവിലെ യാത്ര തുടരേണ്ടതിനാൽ ഉറക്കമിളയ്ക്കേണ്ട എന്ന് റാവൽജി ഉപദേശിച്ചു.
അതിരാവിലെ തന്നെ സതോപന്ത് ലക്ഷ്യമാക്കി ഞങ്ങൾ യാത്രയാരംഭിച്ചു.അളകനന്ദയുടെ വലതുകരയിലൂടെ മനാഗ്രാമത്തിലേക്ക് ഞങ്ങൾ നടന്നു.പ്രസന്നമായ കാലാവസ്ഥയായിരുന്നു. നര നാരായണ പർവ്വത നിരകൾ തലയുയർത്തി നിൽക്കുന്ന കാഴ്ച ആരേയും ആകർഷിക്കും സൂര്യോദയമായതിനാൽ മഞ്ഞണിഞ്ഞ നീലകണ്ഡപർവ്വതം സ്വർണ്ണവർണ്ണമണിഞ്ഞിരിക്കുന്നു. ബദരിനാഥും പരിസരവും ഉണർന്നുവരുന്നതേയുള്ളൂ. നല്ല സുഖമുള്ള ഹിമക്കാറ്റ്,ഹരിതാഭയണിഞ്ഞ പുൽമേടുകളിൽ വിവിധവർണ്ണങ്ങളിലുള്ള പുഷ്പങ്ങൾ പൂത്തുനിൽക്കുന്നു.
നീലകണ്ഠ പർവ്വതം
ദൂരെ മലഞ്ചെരിവിൽ ചെമ്മരിയാടിൻ പറ്റങ്ങൾ മേഞ്ഞു നടക്കുന്നു. അല്പ നേരത്തെ നടത്തത്തിനു ശേഷം ഞങ്ങൾ മാനാഗ്രാമത്തിലെത്തി.പുരാണത്തിൽ മണിഭദ്രയെന്നറിയപ്പെടുന്ന ഈ ഗ്രാമത്തിലാണത്രേ യക്ഷൻ താമസിച്ചിരുന്നത്.
മഹാഭാരതത്തിലെ മഹാപ്രസ്ഥാന പർവ്വത്തിൽ പാണ്ഡവരുടെ സ്വർഗ്ഗാരോഹണയാത്രയെക്കുറിച്ച് വിവരിച്ചിരിക്കുന്നു. സതോപന്ത് തടാകത്തിനപ്പുറത്ത് സ്ഥിതിചെയ്യുന്ന സ്വർഗ്ഗാരോഹിണി കൊടുമുടിയായിരുന്നു പാണ്ഡവരുടെ ലക്ഷ്യം..മഹാഭാരതം വായിച്ച് അതിൽ പറഞ്ഞിരിക്കുന്ന ബദരികാശ്രമം, മണിഭദ്ര, വസുധാര തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുമ്പോഴുള്ള അനുഭൂതി പറഞ്ഞറിയിക്കാൻ കഴിയാത്തതാണു.
നീലകണ്ഡ പർവ്വതത്തിന്റെ നിമിഷാർദ്ധം കൊണ്ടുള്ള നിറപ്പകർച്ചകൾ ആരെയും അത്ഭുതപ്പെടുത്തും.ചിലപ്പോൾ സ്വർണ്ണവർണ്ണം, ചിലപ്പോൾ വെള്ളിനിറം,മറ്റ് ചിലപ്പോൾ മേഘാവൃതം. അല്പദൂരം നടന്നപ്പോൾ വ്യാസഗുഹ കണ്ടു. വ്യാസമഹർഷി ഗണപതിക്ക് മഹാഭാരതം പറഞ്ഞുകൊടുത്തത് ഇവിടെ വച്ചാണത്രേ..തൊട്ടടുത്തുതന്നെയാണു ഗണപതി ഗുഹ..മാനയിൽ നിന്നും വസുധാരയിലേക്കുള്ള വഴിയിലാണു ഭീം പൂൾ..സരസ്വതി നദിയുടെ ഉത്ഭവം ഇതിനടുത്താണു. അവിടെ നിന്നും കുറച്ചകലെയാണു കേശവപ്രയാഗ്.
മഹാപ്രസ്ഥാനത്തിൽ ദ്രൗപദി ഇഹലോകവാസം വെടിഞ്ഞത് കേശവപ്രയാഗിലായിരുന്നുവത്രേ…പഞ്ചപാണ്ഡവരും ദ്രൗപദിയും പിന്നെയൊരു നായയുമായിരുന്നവത്രേ സ്വർഗ്ഗാരോഹണയാത്രയിൽ ഉണ്ടായിരുന്നത് മനാഗ്രാമത്തിൽ നിന്നും നാലുകിലോമീറ്റർ അകലെയാണു വസുധാര വെള്ളച്ചാട്ടം..അഷ്ടവസുക്കൾ തപസ്സുചെയ്ത രേണുകൂടാപർവ്വതത്തിൽ നിന്നാണു വസുധാര വെള്ളച്ചാട്ടത്തിന്റെ പിറവി.വസുധാരയിലേക്ക് ഞങ്ങൾ നടന്നു.ചെറിയ കയറ്റങ്ങൾ കയറി ഞങ്ങൾ വസുധാരയിലെത്തി വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യമാസ്വദിച്ചു.
ലക്ഷ്മിവനമായിരുന്നു അടുത്ത ലക്ഷ്യം.നീണ്ടു പോകുന്ന ഒറ്റയടിപ്പാത; ബാബുസ്വാമി ഞങ്ങൾക്ക് വഴികാട്ടിയായി മുന്നിൽ നടന്നു. രാത്രി താവളം ലക്ഷ്മിവനത്തിലാണു. പുലർച്ചെ വീണ്ടും യാത്ര. ചെങ്കുത്തായ പർവ്വതനിരകൾ താണ്ടി ഞങ്ങൾ നടന്നു.ക്രമേണ പ്രാണവായുവിന്റെ അളവു കുറഞ്ഞു വന്നു.അത് നടത്തത്തിന്റെ വേഗതയെ ബാധിച്ചു. ശരീരം വല്ലാതെ തളർന്നു. മഞ്ഞുമൂടിയ മലനിരകൾക്ക് നടുവിലൂടെ വളഞ്ഞ് പുളഞ്ഞ് ഒറ്റയടിപ്പാത. .അനന്തമായ ആകാശത്തിന്റെ അതിരുകൾ ഭേദിച്ചു വെള്ളപുതച്ച കൊടുമുടികൾ..ഹിമാലയത്തിലെ ശുദ്ധമായ വായുവും പ്രകൃതിയും. മനസ്സിന്റെ എല്ലാ ഭാരങ്ങളും ഇറക്കിവച്ച് ഞങ്ങൾ പ്രയാണം തുടർന്നു. ഉണ്ടക്കല്ലുകളും പാറക്കെട്ടുകളും ചവിട്ടിക്കയറി ഒരു പർവ്വത ചെരിവിലെത്തി. ദൂരെ പച്ചപ്പരവതാനിവിരിച്ച മൈതാനം. വളരെയടുത്തെന്നു തോന്നിച്ച മൈതാനം നടന്നിട്ടും എത്താത്ത ദൂരത്തേക്ക് അകന്നകന്ന് പോകുന്നതുപോലെ.. ശ്വാസതടസ്സം അനുഭവപ്പെട്ടെങ്കിലും ഗ്ലൂക്കോസും ഉണക്കപ്പഴങ്ങളും കഴിച്ച് മെല്ലെ മെല്ലെ കയറ്റം തുടർന്നു..നിരവധി വർണ്ണങ്ങളിലുള്ള പുഷ്പങ്ങൾ നിറഞ്ഞ മൈതാനത്ത് ഒടുവിൽ ഞങ്ങൾ എത്തിച്ചേർന്നു. അവിടെ അല്പനേരമിരുന്നു ക്ഷീണമകറ്റി.സുരേന്ദ്രനും സുഹൃത്തുക്കളും നടത്തമാരംഭിച്ചു.
ഞാൻ പുഷ്പങ്ങളേയും മലനിരകളേയും ക്യാമറയിൽ പകർത്തി.കുറച്ചകലെ ഇളം മഞ്ഞനിറത്തിലുള്ള പുല്ലുകൾ വളർന്നുനിൽക്കുന്നു.മൈതാനങ്ങൾക്കപ്പുറം രണ്ട് പർവ്വതനിരകൾ അവയ്ക്ക് മദ്ധ്യേ ഐസ് മെത്ത.ഒറ്റനോട്ടത്തിൽ ഒരു ഗ്ലേഷിയറാണെന്ന് മനസ്സിലായി.മുഴുവനും ഐസ്മൂടിയ കൂറ്റങ്ങൾ പർവ്വതങ്ങൾ പാർശ്വങ്ങളിൽ കാണാം. സമയം സന്ധ്യയോടടുക്കുന്നു.തണുപ്പും വർദ്ധിച്ചു വന്നു.ലക്ഷ്മീ വനത്തിലെത്താനുള്ള വെമ്പലിൽ നടത്തത്തിന്റെ വേഗതകൂട്ടി.ദൂരെ ശിഖരം കൂർത്ത നിലയിലുള്ള ഭീമൻ പർവ്വതം കണ്ടു.അതിനു ചേർന്ന് ഗുഹാമുഖവും.സുരേന്ദ്രനും സുഹൃത്തുക്കളുമവിടെ വിശ്രമിക്കുകയായിരുന്നു.നടന്ന് ഞാൻ ഗുഹയ്ക്കടുത്തെത്തി.ഗഡ് വാളി പാചകം തുടങ്ങിയിരുന്നു.
ലക്ഷ്മിവനത്തിലെ പർവ്വത ഭീമൻ
നാലുപേർക്ക് കഷ്ടിച്ച് കഴിഞ്ഞ് കൂടാവുന്ന ഗുഹയിൽ ഞങ്ങളേഴുപേർ കഴിയണം.ലഗേജ് ഗുഹയിൽ വച്ച് ഞാൻ സുരേന്ദ്രന്റെ അടുത്ത് ചെന്നിരുന്നു.ബാബുസ്വാമി പാചകത്തിൽ വ്യാപൃതനായിരുന്നു.അല്പ സമയത്തിനകം അരിയും പരിപ്പും തക്കാളിയും പച്ചക്കറികളുമൊക്കെ ചേർത്ത് തയ്യാറാക്കിയ ആവി പറക്കുന്ന കിച്ചടി മുന്നിലെത്തി.വിശന്ന് തളർന്ന ഞങ്ങൾ കിച്ചടി ആർത്തിയോടെ കഴിച്ചു.ബാബുസ്വാമിയുടെ കിച്ചടിയുടെ സ്വാദ് ഇന്നും നാവിൻ തുമ്പത്തുണ്ട്.
ലക്ഷ്മി വനത്തിലെ പർവ്വതനിരകൾ
ആ ഇടുങ്ങിയ ഗുഹയ്ക്കകത്ത് ഞങ്ങളേഴുപേരും നിദ്രയെ പുൽകി.പിറ്റേന്ന് പുലർച്ചെ തന്നെ എഴുന്നേറ്റു.പ്രഭാതകൃത്യത്തിനു ശേഷം നകുലൻ മൃതിയടഞ്ഞ ലക്ഷ്മി വനം ചുറ്റിക്കണ്ടു.വനമെന്നത് പേരിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങിങ്ങ് കുറച്ച് കുറ്റിച്ചെടികൾ വളർന്ന് നിന്നിരുന്നു.ഗുഹയ്ക്കരികെയുള്ള പർവ്വതമുത്തഛനെ മേഘം മൂടിയിരുന്നു.സന്ധ്യയ്ക്ക് മുൻപ് സതോപന്തിലെത്തണം. ബാബുസ്വാമി മുന്നിൽ നടന്നു.നിയതമായ വഴികളില്ല. കനത്തമൂടൽ മഞ്ഞുകാരണം യാത്ര വളരെപ്പതുക്കെയായിരുന്നു.ദൂരെ ഒരു ഇരമ്പൽ മാത്രം കേൾക്കാനായി.ആ ഇരമ്പൽ ലക്ഷ്യമാക്കി ഞങ്ങൾ നടന്നു.ലക്ഷ്മി വനത്തിൽ നിന്നും തുടർന്നുള്ള യാത്ര അതികഠിനമായിരുന്നു.
ലക്ഷ്മി വനം
ചെങ്കുത്തായ മലയുടെ മുകളിലേക്കാണു യാത്ര.കാലൊന്ന് തെറ്റിയാൽ അഗാധഗർത്തത്തിലേക്ക് വീണത് തന്നെ.ലക്ഷ്മിവനത്തോട് ചേർന്നാണു അളകനന്ദ ഒഴുകുന്നത്. അതിന്റെ കരയിലാണു ചെങ്കുത്തായ പർവ്വതം.കഷ്ടിച്ച് ഒരടി വീതിയിലുള്ള പാതയിൽ പലയിടത്തും അള്ളിപ്പിടിച്ച് കയറേണ്ടി വന്നു.ഇടയ്ക്കിടെ കട്ടിയുള്ള മൂടൽമഞ്ഞ് ഞങ്ങളെ പൊതിഞ്ഞു.അത്തരം സന്ദർഭങ്ങളിൽ ഞങ്ങൾ നടത്തം നിർത്തിവച്ചു. കഠിനമായ കയറ്റത്തിനൊടുവിൽ ഞങ്ങളൊരു ഐസ് പരവതാനിയുടെ മുന്നിലെത്തി.ബാബു സ്വാമി ഞങ്ങൾക്ക് നിർദ്ദേശം നൽകിക്കൊണ്ടിരുന്നു.ഐസിലൂടെ നടക്കുമ്പോൾ വടിയുപയോഗിച്ച് കുത്തിനോക്കാൻ പറഞ്ഞു.ഐസിലെ ചതിക്കുഴികൾ മനസ്സിലാക്കാനാണത്.പലയിടത്തും അഗാധഗർത്തങ്ങളും വിള്ളലുകളും ഒളിച്ചിരിപ്പുണ്ട്.മറ്റൊരു വെല്ലുവിളി സ്നോഫ്രോസ്റ്റ് ആണു.ശരീരം മരവിച്ചു പോകൽ.കൊടും തണുപ്പിലൂടെയുള്ള സഞ്ചാരത്തിൽ ശരീരഭാഗങ്ങൾ മരവിച്ചു മരണം വരെ സംഭവിച്ചേക്കാം.അതിനെ അധിജീവിക്കാനേക പോംവഴി കഴിയുന്നത്ര വേഗത്തിൽ ഗ്ലേഷിയർ കടക്കുകയെന്നതാണു.ബാബു സ്വാമി മുന്നിലും ഞങ്ങൾ പിറകേയുമായി നടന്നു.പലയിടത്തും ഐസ് മണ്ണുമായി കുഴഞ്ഞിരിക്കുന്നു
മൂടൽ മഞ്ഞ് വകവെയ്ക്കാതെ ഞങ്ങൾ മുന്നോട്ട് നടന്നു. ഞങ്ങൾ മറ്റൊരു പർവ്വതത്തിന്റെ പാർശ്വത്തിലെത്തി. അരുവി മുറിച്ചുകടന്നു വേണം യാത്ര തുടരാൻ. ബാബുസ്വാമി നിർദ്ദേശം തന്നു.കഴിയുന്നത്ര വേഗത്തിൽ അരുവി മുറിച്ചു കടക്കണമെന്ന്.ജലനിരപ്പ് എപ്പോഴാണു ഉയരുക എന്നത് അപ്രവചനീയമാണു.മുട്ടറ്റം വെള്ളത്തിൽ നടന്നു തുടങ്ങിയപ്പോഴേക്കും വെള്ളം കയറിത്തുടങ്ങിയിരുന്നു. മറുകരയിലെത്തിയപ്പോഴേക്ക് വെള്ളം അരക്കെട്ട് വരെ ഉയർന്നിരുന്നു. അല്പനേരത്തെ വിശ്രമത്തിനുശേഷം മലനിരകൾ കയറാൻ തുടങ്ങി.കുറച്ചകലെ കണ്ട വെള്ളച്ചാലുകൾ അപ്പോഴേക്കും മൂടൽ മഞ്ഞ് മൂടിയിരുന്നു.കഷ്ടിച്ച് ഒരടി വീതിയിലുള്ള പാതയിൽ ഞങ്ങൾ നടന്നു കയറി.പലയിടത്തും മലയിടിഞ്ഞ് ഉരുളൻ കല്ലുകൾ കുന്നുപോലെ രൂപപ്പെട്ടിരുന്നു. അവയ്ക്ക് മുകളിലൂടെയുള്ള നടത്തം അതീവ ശ്രദ്ധയോടെയായിരിക്കണം.കാലൊന്ന് തെറ്റിയാൽ അഗാധഗർത്തത്തിലേക്ക് വീണേക്കാം…കുറച്ച് നേരത്തെ നടത്തത്തിനു ശേഷം ഞങ്ങൾ ആ അത്ഭുതം കണ്ടു.ഇത്രയും നേരം മൂടൽ മഞ്ഞ് മറച്ചു വച്ച രഹസ്യം! നൂറു കണക്കിനു വെള്ളച്ചാട്ടങ്ങൾ ഒരുമിച്ച് പ്രവഹിക്കുന്ന സഹസ്രധാര…ഞങ്ങൾ സ്തബ്ദരായി.ഞങ്ങൾ താണ്ടിയ മലയുടെ എതിർവശത്തായി സ്ഥിതി ചെയ്യുന്ന മലനിരകളിൽ നിന്നും പാൽ പോലെ ഒഴുകുന്ന ആയിരം നദികൾ.പാർശ്വത്തിൽ അഗാധഗർത്തമാണെന്ന യാഥാർത്ഥ്യം പോലും ഒരു നിമിഷത്തേക്ക് ഞങ്ങൾ മറന്നു പോയി.ദൈവമേ..എങ്ങനെയാണു ഞാൻ ആ അദ്ഭുതം വിവരിക്കുക.എന്റെ വാക്കുകൾക്കും പരിമിതിയില്ലേ…
സഹസ്രധാര
ഇളം നീല മാനത്തിനു കീഴെ ചാരനിറത്തിലുള്ള മലനിരകൾ..അതിൽ പ്രകൃതിയുടെ പാലഭിഷേകമായ് ആയിരം നീർച്ചാലുകൾ.വസുധാരയിലേതു പോലെ തന്നെ താഴെയെത്തുമ്പോഴേക്കും വെള്ളം മഞ്ഞുപൊടിയായി പരിണമിച്ചിരുന്നു.പ്രകൃതിയുടെ അത്ഭുതം..ഗർത്തത്തിലൂടെ അളകനന്ദയുടെ കൈവഴി ഒഴുകുന്നു..ശാന്തമായ്..
സഹദേവൻ മൃത്യുവിനെ പുൽകിയത് സഹസ്രധാരയിൽ വച്ചായിരുന്നത്രേ..എന്റെ മനസ്സ് മന്ത്രിച്ചു..സഹദേവൻ ഭാഗ്യവാൻ..ഇത്ര മനോഹരമായ സ്ഥലത്ത് നിന്നും തിരിച്ചുപോരുവാൻ ആർക്കാണു തോന്നുക.മാദ്രീ പുത്രനു ആ ഭാഗ്യം കൈവന്നിരിക്കുന്നു.
സഹസ്രധാര
ബാബു സ്വാമി ഞങ്ങളോട് വേഗം നടക്കുവാൻ പറഞ്ഞപ്പോഴാണു ദിവാസ്വപ്നത്തിൽ നിന്നുണർന്നത്. മലയിടിച്ചിലിനുള്ള സാധ്യത കണക്കിലെടുത്താണു ബാബുസ്വാമി മുന്നറിയിപ്പ് തന്നത്
ഞങ്ങൾ പർവ്വതനിരകളേയും സഹസ്രധാരയേയും കൈകൂപ്പി വണങ്ങി.
സഹസ്രധാര
അല്പനേരത്തെ നടത്തക്കു ശേഷം ഞങ്ങൾ സമതലപ്രദേശത്തെത്തി. ചുറ്റിനും ചെങ്കുത്തായ പർവ്വതനിരകൾ..നടുവിൽ വൃത്താകൃതിയിലുള്ള സമതലപ്രദേശം. ചക്രതീർത്ഥമെന്നറിയപ്പെടുന്ന ഫലഭൂയിഷ്ടമായ സമതലം. പൂക്കളും കൊച്ചരുവികളും മൈതാനം നിറയെ..വില്ലാളി വീരനായ അർജ്ജുനൻ ഇവിടെയാണു വീണു മരിച്ചത്.
ചക്രതീർത്ഥം
മഹാഭാരതത്തിൽ ജീവന്റെ തുടിപ്പ് അവസാനമായ് കണ്ടത് ഇവിടെയാണു.അക്ഷരാർത്ഥത്തിൽ മഹാഭാരത വചനങ്ങൾ അന്വർത്ഥമാക്കുന്ന അനുഭവങ്ങളാണു ഞങ്ങളെ തേടിയെത്തിയത്.ജീവവായുവിന്റെ കുറവു ഞങ്ങളറിഞ്ഞു.അതികഠിനമായ കയറ്റവും പ്രതീക്ഷിക്കാത്ത ഹിമക്കാറ്റും മഴയും ഞങ്ങളെത്തേടിയെത്തി.മഴ വക വയ്ക്കാതെ മുന്നോട്ടുള്ള ഞങ്ങളുടെ യാത്ര അതീവ ദുഷ്കരമായിരുന്നു.കയറ്റങ്ങളിൽ നിന്നും കാലിടറി സഹയാത്രികർ പലരും മലക്കം മറിഞ്ഞു. ഭാഗ്യം കൊണ്ടോ ദൈവാധീനം കൊണ്ടോ അപകടമൊന്നും സംഭവിച്ചില്ല.മുന്നോട്ടുള്ള നടത്തത്തിനിടയിൽ മനസ്സിനെ നടുക്കുന്ന രീതിയിൽ ഇടിമുഴക്കങ്ങൾ..ബാബുസ്വാമിയാണു ഞങ്ങൾക്കാകാഴ്ച കാണിച്ചുതന്നത്.ഭീമാകാരമായ ഐസ് മലകൾ തകർന്നു വീഴുന്നു.ഞങ്ങൾ പേടിച്ചു വിറങ്ങലിച്ചു.അല്പസമയത്തിനകം കാലാവസ്ഥ വീണ്ടും അനുകൂലമായി.പതിയെ ഞങ്ങളാമലയുടെ നെറുകയിലെത്തി. അല്പനേരത്തെ വിശ്രമത്തിനുശേഷം യാത്ര തുടരാനൊരുങ്ങിയപ്പോൾ ബാബുസ്വാമി അകലേക്ക് വിരൽചൂണ്ടി സതോപന്തിന്റെ കൊടിക്കൂറ ഒരു പൊട്ടുപോലെ. അഗാധമായ ഇറക്കവും ഐസ് പാളികളും താണ്ടിവേണം അവിടെ എത്തിച്ചേരാൻ..സർവ്വശക്തിയും സംഭരിച്ച് ഞങ്ങൾ നടത്തം തുടർന്നു.അഗാധ ഗർത്തങ്ങളും ചതുപ്പുകളും മഞ്ഞിന്റെ ചതിക്കുഴികളും താണ്ടി നടന്നപ്പോൾ മഴയും ആരംഭിച്ചു. ഇപ്പോൾ ഞങ്ങൾ നിൽക്കുന്ന സ്ഥലത്തിനെതിർവശത്തായ് ഭീമാകാരമായ ഒറ്റക്കൽ പാറ നിൽക്കുന്നതു കണ്ടു.ഇതാണത്രെ ഭീംപർ! ഭീമസേനന്റെ ദേഹവിയോഗമിവിടെയായിരുന്നത്രേ..
ഭീംപർ
എം.ടിയുടെ രണ്ടാമൂഴത്തിലെ ഭീമസേനനെ ഓർത്തുപോയി.കുറച്ചകലെ ഗഡ് വാളികൾ ഒരാളെ ഡോളിയിൽ ചുമന്നുകൊണ്ട് വരുന്നതു കണ്ടു.ബാബുസ്വാമി അവരോട് കാര്യങ്ങളന്വേഷിക്കുകയായിരുന്നു.ഐസിൽ കൂടി നടന്നതു കാരണം കാലുകൾ മരവിച്ചുപോയ ആളാണത്രേ ഡോളിയിൽ..മൃതപ്രായനായ അയാളെയും വഹിച്ച് ഗഡ് വാളികൾ നടന്നുനീങ്ങുന്നത് ഞങ്ങൾ നോക്കി നിന്നു .(ഇദ്ദേഹത്തിന്റെ രണ്ട് കാലുകളും ജോഷിമഠിലെ സൈനിക ആശുപത്രിയിൽ വച്ച് മുറിച്ചുമാറ്റേണ്ടി വന്നു എന്ന് ഞങ്ങൾ പിന്നീടറിഞ്ഞു).
മഴ ക്രമേണ ശക്തിപ്രാപിച്ചു സ്വർഗ്ഗാരോഹിണി കൊടുമുടികൾ ദൂരെ നിന്നു കാണാം.
സത്യപദം
നിമിഷനേരങ്ങൾക്കകം മഴമേഘങ്ങൾ മലനിരകളെ കണ്ണിൽ നിന്നും മറച്ചു. സന്ധ്യയോടെ സ്വർഗ്ഗാരോഹിണിയുടെ കീഴെയുള്ള മരതകപ്പച്ച നിറത്തിലുള്ള സതോപന്ത് തടാകത്തിനുമുന്നിൽ ഞങ്ങളെത്തി.മഴ മാറുന്നത് വരെ അടുത്തു കണ്ട ഗുഹയിൽ കയറിയിരുന്നു.അല്പ നേരത്തിനു ശേഷം മഴ നിശ്ശേഷം മാറി.ബാബുസ്വാമിയും ഗഡ് വാളിയും ടെന്റ് നിർമ്മിക്കാനുള്ള പരിപാടികൾ തുടങ്ങി.ഞാനും സുരേന്ദ്രനും സതോപന്ത് തടാകത്തിനു ചുറ്റും നടന്നു. ത്രികോണാകൃതിയിലുള്ള സതോപന്തിന്റെ മൂന്ന് മൂലകളിലായ് ബ്രഹ്മ, വിഷ്ണു, മഹേശ്വരന്മാർ തപസ്സു ചെയ്തിരുന്നു എന്നാണു ഐതിഹ്യം.
സതോപന്ത് തടാകം
മരതക നിറത്തിലുള്ള സതോപന്തിന്റെ സൗന്ദര്യമാസ്വദിച്ചു നടക്കുന്നതിനിടയിൽ സ്വർഗ്ഗാരോഹിണി പർവ്വതത്തിനു എതിർഭാഗത്തായ് തടാകക്കരയിൽ ഒരു ഗുഹ കണ്ടു. കേരളീയനായ ഒരു ഡോക്ടർ വളരെക്കാലമായ് സതോപന്തിൽ തപസ്സനുഷ്ഠിക്കുന്നുണ്ടെന്ന് ബദരിനാഥിൽ നിന്നു തന്നെയറിഞ്ഞിരുന്നു.അദ്ദേഹത്തെക്കാണാനായ് ഞങ്ങളാ ഗുഹയ്ക്കകത്ത് കയറി.ഇരുട്ട് നിറഞ്ഞ ഗുഹയിൽ ജഡാധാരിയായ ഒരു സന്യാസി.പൂർവ്വാശ്രമത്തെക്കുറിച്ച് ചോദിക്കരുതെന്നു റാവൽജി മുന്നറിയിപ്പു തന്നിരുന്നു.അജിത്ത് എന്നാണത്രേ പൂർവ്വാശ്രമത്തിലെ പേരു.പാലക്കാട് സ്വദേശം.ഡോക്ടർ ആയിരുന്നു. അമേരിക്കയിൽ കുറച്ചുകാലം സേവനമനുഷ്ഠിച്ചിട്ടുണ്ടത്രേ..ഞങ്ങൾ കൈകൂപ്പി നമസ്കരിച്ചു. അദ്ദേഹം അകത്തേക്ക് വരാൻ ആംഗ്യം കാണിച്ചു.അടുത്തു ചെന്നിരുന്നു.കാണാൻ ചെറുപ്പക്കാരൻ,വയസ്സ് ഊഹിക്കാൻ പ്രയാസം തോന്നി. ഇത്രയും ത്യാഗം സഹിച്ച് ഈ തടാക തീരത്ത് തപസ്സനുഷ്ഠിക്കുന്ന സ്വാമിയെക്കണ്ടപ്പോൾ എന്തെന്നില്ലാതെ അത്ഭുതം. സുരേന്ദ്രനു സ്വാമിയുടെ ലക്ഷ്യമെന്താണെന്നറിയണം..തെല്ല് സംശയത്തോടെ ചോദിച്ചപ്പോൾ കിട്ടിയ മറുപടി – “അലക്ഷ്യമാണെന്റെ ലക്ഷ്യം”..പിന്നീട് മണിക്കൂറുകളോളം വേദാന്തവും തത്വചിന്തകളും.. ചില രാത്രികളിൽ സതോപന്ത് തടാകക്കരയിൽ നിന്ന് മന്ത്രോച്ചാരണങ്ങളും ശബ്ദങ്ങളും കേൾക്കാമത്രേ..പുറത്തിറങ്ങി നോക്കിയാൽ ആരേയും കാണുവാനും സാധിക്കുകയില്ല.
സതോപന്ത് തടാകം
വിസ്മയത്തോടെ ഞങ്ങൾ പല കഥകളും കേട്ടിരുന്നു. സമയം കടന്നുപോയതറിഞ്ഞില്ല. ബാബുസ്വാമി വന്നു വിളിച്ചപ്പോഴാണു സമയം വൈകിയതറിഞ്ഞത്.തിരിച്ചു നടന്നപ്പോൾ പെരുമഴ പെയ്ത് തോർന്നതുപോലെ തോന്നി.ബാബുസ്വാമി പറഞ്ഞു സന്യാസി സതോപന്തിൽ നിന്നും ബദരിനാഥിലേക്ക് വല്ലപ്പോഴും വരാറുണ്ടത്രേ..തന്റെ എല്ലാ സർട്ടിഫിക്കറ്റുകളും അളകനന്ദയിൽ വലിച്ചെറിഞ്ഞതിനു ശേഷമാണു സ്വാമി സതോപന്തിലെത്തിയത്.അദ്ദേഹം പലപ്പോഴും ബാബാജി നാഗരാജുമായി സംസാരിക്കാറുണ്ടത്രേ…. നിശ്ചലമായ്ക്കിടക്കുന്ന സതോപന്തിന്റെ സൗന്ദര്യമാസ്വദിച്ച് ഞങ്ങൾ ടെന്റിനു മുന്നിലെത്തി.കൂട്ടുകാരെല്ലാം ഭക്ഷണം കഴിച്ച് ഉറക്കത്തിലേക്ക് വഴുതിവീണിരുന്നു.
സ്വർഗ്ഗാരോഹിണി മലനിരകളിലെ മഞ്ഞു പാളികൾ
മറ്റൊരു ഗുഹയിലാണു പാചകം ചെയ്തിരുന്നത്.ബാബുസ്വാമിയുടെ കൂടെ ഗുഹയിലേക്ക് ഞങ്ങൾ നടന്നു.തണുത്ത ശീതക്കാറ്റും മഴയും തുടങ്ങി.ഗുഹാമുഖത്തെത്തിയപ്പോഴേക്കും വസ്ത്രമെല്ലാം നനഞ്ഞു കുതിർന്നു. തണുപ്പും അസഹ്യം.ടോർച്ച് തെളിച്ച് അകത്തേക്ക് കടന്നപ്പോൾ കണ്ട കാഴ്ച…ഞങ്ങൾക്കും, മടക്കയാത്രയിലും കഴിക്കുവാനുമായി കരുതിയ ഭക്ഷണം ഒരു ശ്വാനൻ ശാപ്പിടുന്നു.അന്ന് രാത്രി സതോപന്തിലെ തെളിനീർ കുടിച്ച് ഞങ്ങൾ ടെന്റിനുള്ളിൽ കിടന്നു.
അല്പസമയത്തിനകം അണ മുറിയാത്ത പേമാരി..ശക്തമായ ഇടിമിന്നലും കൂടെ മലയിടിച്ചിലും.ഗ്ലേഷിയറുകൾ ഇടിഞ്ഞുവീഴുന്ന ശബ്ദം! ഭയാനകമായിരുന്നു ആ രാത്രി. ടെന്റിനുള്ളിലേക്കും മഴവെള്ളം ഇരച്ചുകയറി. ഉറങ്ങാതെ ഞങ്ങളേഴുപേരും നേരം വെളുപ്പിച്ചു.
സ്വർഗ്ഗാരോഹിണി മലനിരകളിലെ മഞ്ഞു പാളികൾ
പിറ്റേന്ന് രാവിലേയും മൂടിക്കെട്ടിയ കാലാവസ്ഥയായിരുന്നെങ്കിലും മഴ ശമിച്ചിരുന്നു.രോമകൂപങ്ങൾ തുളച്ചുകയറുന്ന തണുപ്പ്.മൂന്ന് സ്വെറ്ററും ജാക്കറ്റുമെല്ലാം ധരിച്ച് റ്റെന്റിനു പുറത്തുവന്നപ്പോൾ ഞങ്ങൾക്കായ് മേഘങ്ങൾ വഴിമാറി.മുന്നിലതാ നാരായണ പർവ്വതനിരകൾ,അരികിലായ് ചൗകംബാ പർവ്വതം..അവയുടെ ഒത്ത നടുവിലായ് സത്യപഥം. ചൗകംബയിൽ യുധിഷ്ഠിരനും ശ്വാനനും എത്തിച്ചേർന്ന സ്വർഗ്ഗാരോഹിണി കൊടുമുടി.
സത്യപദം
കുറേ നിമിഷങ്ങൾ കൈ കൂപ്പി നിന്നു പോയി. ധർമ്മദേവൻ പുത്രനായ യുധിഷ്ഠിരന്റെ ധർമ്മനിഷ്ഠ പരീക്ഷിച്ച നിമിഷം മനസ്സിൽ തെളിഞ്ഞു വന്നു. സഹോദരന്മാരുടെയും ദ്രൗപദിയുടേയും വിയോഗത്തിൽ തളരാതെ മലമുകളിലെത്തിച്ചേർന്ന ധർമ്മപുത്രർ, കൂടെയുണ്ടായ നായയെയും സ്വർഗ്ഗത്തിലേക്ക് കൊണ്ട് പോകണമെന്ന് ശഠിച്ചപ്പോൾ വെളിവാക്കപ്പെട്ട മഹത്വം!! ചിന്തകൾ മൂടൽ മഞ്ഞുപോലെ മനസ്സിനെ മൂടി.ദൂരെ കണ്ട പാറമേലിരുന്ന് ഞാൻ സ്വർഗ്ഗാരോഹിണിയുടെ ചിത്രം ക്യാമറയിൽ പകർത്തി.അല്പ നേരത്തിനുശേഷം സൂര്യദേവൻ തന്റെ സാന്നിധ്യമറിയിച്ചു.സ്വർണ്ണ രശ്മികൾ സ്വർഗ്ഗാരോഹിണി കൊടുമുടികളിലൂടെ താഴേക്ക് ഒഴുകി വന്നു.പിന്നീടത് സതോപന്തിലെ പച്ചനിറത്തിനു തേജസ്സേകി.ഏതോ ഒരു ദിവ്യശക്തിയുടെ തേജസ്സെന്നോണം അത് ആ പ്രദേശത്തിൽ വ്യാപിച്ചു.എല്ലാം നൊടിയിടയിൽ സംഭവിച്ചു.
പാർവ്വതി കൊടുമുടി
ഹിമാലയം അങ്ങനെയാണു..അപ്രവചനീയമെന്ന വാക്കിനു അതിന്റെ അന്ത:സത്തയെ ഉൾക്കൊള്ളാനാകുമോ? ബാബുസ്വാമി ദൂരെ കുറെ മലനിരകൾ ചൂണ്ടിക്കാണിച്ചു അതാണത്രെ കുബേരന്റെ രാജധാനിയായ അളകാപുരി.
അളകാപുരി (കുബേരന്റെ രാജധാനി)

സതോപന്തിന്റെ തീരത്തു നിന്നു നോക്കിയാൽ നീലകണ്ഠപർവ്വതത്തിന്റെ മറ്റൊരു വശം കാണാം.
സതോപന്തിലെ പ്രകൃതിയുടെ അനിശ്ചിതത്വം ബാബു സ്വാമി ഞങ്ങളെ ഓർമ്മിപ്പിച്ചു. പിന്നെ തലേന്ന് രാത്രിയിൽ ഭക്ഷണമൊന്നും കഴിക്കാത്തതിനാൽ എനിക്കും സുരേന്ദ്രനും നല്ല ക്ഷീണം തോന്നി.
അളകാപുരി (കുബേരന്റെ രാജധാനി)
തുടർന്നുള്ള യാത്രാമദ്ധ്യേ കഴിക്കാനുള്ള ഭക്ഷണം നായ തിന്നതിനാൽ ഇന്നു തന്നെ ബദരിനാഥിൽ തിരിച്ചെത്തണം അതുകൊണ്ട് തന്നെ ഞങ്ങൾ സതോപന്തിനോടും സത്യപദത്തിനോടും വിടചൊല്ലി..മടക്കയാത്ര..
ബാൽ കുണ്ഠ് കൊടുമുടി
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായ് ഞങ്ങൾ യാത്രചെയ്ത ദൂരം ഒരു ദിവസം കൊണ്ട് താണ്ടണം. ബാബുസ്വാമി മുന്നിൽ നിന്നും നയിച്ചു.നടത്തം തുടങ്ങിയതേ മഴയും ആരംഭിച്ചു.
പ്രകൃതി പ്രക്ഷുബ്ധമായി.കാറ്റും മലയിടിച്ചിലും ഞങ്ങളെ വിടാതെ പിന്തുടർന്നു.ഭീം പറും സഹസ്രധാരയും താണ്ടി ഉച്ചയോടെ ഞങ്ങൾ ലക്ഷ്മി വനത്തിലെത്തി.
സഹസ്രധാര
വിശ്രമിക്കാൻ സമയമില്ല ശക്തമായ വിശപ്പും ദാഹവും, മഴയും മണ്ണിടിച്ചിലും.ജീവനോടെ ബദരിയിലെത്തുമോ എന്ന് തോന്നിച്ച നിമിഷങ്ങൾ..ഞങ്ങളുറക്കെ വിളിച്ചു “ജയ് ബദരി വിശാൽ” ആ വിളി മലമുകളിൽ തട്ടി മാറ്റൊലി കൊണ്ടു. അതിൽ നിന്നും വീണ്ടെടുത്ത ഊർജ്ജം രാത്രിയോടെ ബദരിനാഥിലെത്തിച്ചു.
സ്വർഗ്ഗാരോഹിണി മലനിരകൾ
മഹാഭാരതത്തിലെ സവിശേഷമായ സന്ദർഭങ്ങൾക്ക് സാക്ഷ്യം വഹിച്ച,ദൈവതുല്യരായ മഹത്തുക്കളുടെ പാദമുദ്രയണിഞ്ഞ ദേവഭൂമിയിൽ ചെലവഴിച്ച ഓരോ നിമിഷവും ആത്മസാക്ഷാത്കാരത്തിന്റെ നിമിഷങ്ങളാണു.മുൻ തലമുറകളുടെ സുകൃതമാകാം ഞങ്ങളെ ഈ ഭൂമിയിലെത്തിച്ചത്.

7 comments:

 1. നല്ല വിവരണം, കാവ്യാത്മക ഭാഷ, നല്ല ചിത്രങ്ങൾ..
  ഫേവറൈറ്റ് ചെയ്യുന്നു... ഒന്നുകൂടി വായിക്കണം...

  ReplyDelete
 2. നന്ദി രഞ്ജിത്ത്..............

  ReplyDelete
 3. യാത്രാവിവരണം വായിച്ച്, മനോഹരമായ ചിത്രങ്ങൾ കണ്ട് ഞാൻ തരിച്ചിരുന്നു. വായന തന്നെ ഒരു അനുഭവമായിരുന്നു. യാത്ര ചെയ്ത താങ്കൾ ഭാഗ്യവാനും സാഹസികനുമാണെന്നേ ഞാൻ പറയൂ.

  ReplyDelete
 4. നന്ദി നിരക്ഷരൻ.......

  ReplyDelete
 5. ഇന്നാണ് വായിക്കുന്നത്.
  മനോഹരമായ യാത്ര ആസ്വദിക്കാൻ സാധിച്ചതിന്റെ സന്തോഷം അറിയിക്കുന്നു.
  ആശംസകൾ.

  ReplyDelete
 6. വിവരണം മനോഹരം... ചെറിയ മഞ്ഞു മലകളുടെ ഭംഗി ആസ്വദിചിട്ടുള്ളത് കൊണ്ട് ആ വികാരം ശെരിക്കും മനസ്സിലാക്കാന്‍ പറ്റി..പക്ഷെ ..സാഹസികത.... അത് അത്ഭുതത്തോടെ ആണ് വായിച്ചു തീര്‍ന്നത്....ചിത്രങ്ങള്‍ വളരെ മനോഹരം....
  ആശംസകള്‍....

  ReplyDelete