Saturday, February 5, 2011

ഒരു ബദരിനാഥ് യാത്ര....

ഒരു സുഹൃത്തിന്റെ വിവാഹത്തിന് പങ്കെടുക്കുമ്പോഴാണ് എനിക്ക് ഒരു ഫോണ്‍ കാള്‍ വരുന്നത്, ഹിമാലയത്തിലേക്ക് വരുന്നോ ഞങ്ങള്‍ ഇപ്പോള്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍ ക്യൂ വിലാണ് എന്നായിരുന്നു ഫോണ്‍ സന്ദേശം.എന്ത് പറയണമെന്നറിയാതെ മിഴിച്ചു നില്‍ക്കുമ്പോഴാണ് ഒരു ബോധോദയം.ഇനി ഹിമാലയം കൂടി കണ്ടു കളയാം.ഉടന്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍ പറഞ്ഞു.കേരളത്തിലെ പല കാടുകളും അലഞ്ഞു പക്ഷി നിരീക്ഷണവുമായി നടന്ന കാലത്താണ് സംഭവം.2002 ലെ ഒരു ഓഗസ്റ്റ്‌ മാസം.കിട്ടിയ സ്വെറ്ററും കുറച്ചു ഡ്രെസ്സും എടുത്തു കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുകയായിരുന്നു.ജീവിതത്തില്‍ ആദ്യമായാണ്‌ വടക്കേ ഇന്ത്യയും, കവിതകളിലും പുരാണങ്ങളിലും മാത്രം കേട്ടിട്ടുള്ള ഹിമാലയം കാണാന്‍ പോകുന്നത്.കാര്യമായി ഒരു ഗവേഷണം നടത്താനുള്ള സമയം പോലും തന്നില്ല പഹയന്മാര്‍.ഏതായാലും കണ്ണില്‍ കണ്ട പുസ്തകശാലകളിലെല്ലാം തപ്പി രാജന്‍ കാക്കനാടിന്റെ ഹിമവാന്റെ മുകള്‍ത്തട്ടില്‍ ഒപ്പിച്ചു.എന്തായാലും ഒരു മാസത്തെ യാത്രയാണ്.കൂടെയുള്ളവരെല്ലാം എന്റെ കൂടെ പല കാടുകളില്‍, പല രാത്രിയില്‍ തങ്ങിയവര്‍...അങ്ങനെ ഞങ്ങള്‍ കണ്ണൂരില്‍ നിന്നും ഇന്ത്യയുടെ തലസ്ഥാന നഗരിയായ ഡല്‍ഹിയിലേക്കു പുറപ്പെട്ടു.രണ്ടര ദിവസത്തെ യാത്രയ്ക്കൊടുവില്‍ ഡല്‍ഹിയില്‍ എത്തി.ഉച്ചയോടെ തലസ്ഥാന നഗരിയില്‍ എത്തിയെങ്കിലും ഹരിദ്വാരിലേക്കുള്ള ബസ്‌ വൈകുന്നേരം ആണ്.എന്ത് ചെയ്യാന്‍ പൊള്ളുന്ന ചൂടില്‍ ഡല്‍ഹിയുടെ സൌന്ദര്യം ആസ്വദിക്കാമെന്ന അതിമോഹമില്ലാത്തതിനാല്‍ കിട്ടിയ ഒരു ഓട്ടോയില്‍ പേരറിയാത്ത ഏതോ ഒരു ബസ്‌ സ്ടാണ്ടിലേക്ക് പുറപ്പെട്ടു....
വൈകുന്നേരം വരെ ഒണക്ക റൊട്ടിയും പച്ച വെള്ളവുമായിരുന്നു ഭക്ഷണം.കടുകെണ്ണ വയറില്‍ കുഴപ്പമുണ്ടാക്കുമോ എന്ന ഭീതിയും ഉണ്ടായിരുന്നു.എന്തായാലും കാത്തിരുന്നു കാത്തിരുന്നു ഞങ്ങളുടെ ബസ്‌ വന്നു.ഇനി ഹരിദ്വാരിലേക്ക്,ദേവ ഭുമിയുടെ പ്രവേശന കവാടത്തിലേക്ക്.കിട്ടിയ സീറ്റ്‌ ആണെങ്കില്‍ ഏറ്റവും പുറകില്‍ .... ബാഗും ബാക്കി ലഗേജും എവിടെയോ ഒതുക്കി വച്ചിട്ട ഇരുന്നു..ദീര്‍ഘമായ ഒരു ഉറക്കം...രാവിലെ കണ്ണ് തുറന്നപ്പോള്‍ ബസ്‌ ഹരിദ്വാരിലെത്തിയിരുന്നു..
രാവിലെതന്നെ ഹരിദ്വാറിലെ അയ്യപ്പ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു.ഹരിദ്വാറിലെ അയ്യപ്പ ക്ഷേത്രം നടത്തുന്നത് പയ്യന്നൂരിലെ ഒരു ബ്രാഹ്മണ കുടുംബമാണ്. പയ്യന്നുരുകാരായ ഞങ്ങള്‍ക്ക് നല്ല വരവേല്‍പാണ് ലഭിച്ചത്.രാവിലെ ഒരു കോട്ടയംകാരന്റെ ഹോട്ടലില്‍ നിന്നും ദോശയും ചായയും കഴിച്ചു.ഒട്ടും സമയം കളയാതെ ഹരിദ്വാറും പ്രാന്ത പ്രദേശങ്ങളും കാണാന്‍ പുറപ്പെട്ടു.ഒരു ദിവസത്തേക്ക് 500 രൂപ നിരക്കില്‍ അയ്യപ്പന്‍ ക്ഷേത്രത്തിലെ വിഷ്ണു നമ്പൂതിരി ഒരു ഓട്ടോ ഏര്‍പ്പാടാക്കി തന്നു.

ഹരിദ്വാര്‍ ഒരു ദൃശ്യം

ആദ്യം ഞങ്ങള്‍ ഗംഗയെ കാണുവാന്‍ പുറപ്പെട്ടു.ഭഗീരഥന്‍ ഭൂമിയിലേക്ക്‌ കൊണ്ടുവന്ന ആകാശ ഗംഗയെ മനുഷ്യര്‍ അവന്റെ സ്വാര്‍ത്ഥതയ്ക്കായി അണകെട്ടി വഴിമാറ്റി ഒഴുക്കിയിരുന്ന കാഴ്ച പ്രകൃതി സ്നേഹികളായ ഞങ്ങള്‍ക്ക് സങ്കടവും അമര്‍ഷവും തോന്നിപ്പിച്ചു.പിന്നീടു ഞങ്ങള്‍ മനസ ദേവി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു,മനസ്സിലെന്ത് ആഗ്രഹിച്ചാലും സാധിക്കും അതിനാലാണത്രേ മനസാദേവി ക്ഷേത്രം എന്ന പേര് വന്നത് .

ഹരിദ്വാര്‍ മറ്റൊരു ദൃശ്യം ...

ഒരു വലിയ മലയുടെ മുകളിലാണ് മനസാദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.കാല്‍ നടയായും റോപ് വേയിലും ക്ഷേത്ര സന്നിതിയില്‍ എത്തിച്ചേരാം ഞങ്ങള്‍ റോപ് വേയില്‍ പോകാന്‍ തീരുമാനിച്ചു.ടിക്കറ്റ്‌ ക്യൂ വില്‍ നിന്നു.25 രൂപയാണ് ചാര്‍ജ്.ഏതാണ്ട് 10 മിനിറ്റ്നകം ഞങ്ങള്‍ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു.ദേവി ദര്‍ശനത്തിനു ശേഷം ഞങ്ങള്‍ തിരിച്ചു വന്നു.ഉച്ചയ്ക്ക് ശേഷം ഋഷികേശ് ലേക്ക് പുറപ്പെട്ടു.ഋഷികേശ് ഹരിദ്വാരില്‍ നിന്നും ഏതാണ്ട് 25 കിലോ മീറ്റര്‍ അകലെയാണ്.ഋഷികേശ് ല്‍ പ്രശസ്തമായ രണ്ടു തൂക്കു പാലങ്ങള്‍ ഉണ്ട്.ഗംഗാ നദിക്കു കുറുകെയാണ് രാമന്‍ ചുല എന്നും ലക്ഷ്മണ്‍ ചുല എന്നും അറിയപ്പെടുന്ന പാലങ്ങള്‍.ഹരിദ്വാര്‍ പോലെ ഋഷികേശ് ലും ഒരുപാട് ക്ഷേത്രങ്ങളും ആശ്രമങ്ങളും ഉണ്ട്.രാത്രി 7 :30 ഓടെ ഞങ്ങള്‍ തിരിച്ചു ഹരിദ്വാരിലേക്ക് വന്നു. ബദരിനാഥ് ലേക്ക് ടിക്കറ്റ്‌ ബുക്ക്‌ ചെയ്താലേ യാത്ര നടക്കു..അതിനാല്‍ വിഷ്ണു നമ്പൂതിരി ഞങ്ങള്‍ക്ക് വേണ്ടി ടിക്കറ്റ്‌ ബുക്ക്‌ ചെയ്തിരുന്നു.ഒരാള്‍ക്ക്‌ 250 രൂപയാണ് ചാര്‍ജ്.അയ്യപ്പ ക്ഷേത്രത്തിലെ ഊണ് കഴിഞ്ഞു നിദ്ര ദേവി കടാക്ഷിക്കാന്‍ വേണ്ടി ഞങ്ങള്‍ റൂമിലേക്ക്‌ നടന്നു.പിറ്റേന്ന് രാവിലെ 4 മണിക്ക് എഴുന്നേറ്റു.5 മണിക്കാണ് ബസ്‌.വീണ്ടും സീറ്റ്‌ കിട്ടിയത് പിന്നില്‍ ആയിരുന്നു.ഏതാണ്ട് 14 മണിക്കൂര്‍ യാത്രയുണ്ട് ബദരിനാഥ് ലേക്ക്. വലിയ കയറ്റങ്ങളും വളവുകളും കടന്നു ബസ്‌ യാത്രയായി..
സുദീര്‍ഘമായ യാത്രയ്ക്കൊടുവില്‍ രാത്രി 7 :30 നു ഞങ്ങള്‍ ബദരികാശ്രമാതിലെത്തി.ഹിമാലയം,ഞങ്ങളുടെ സ്വപ്ന ഭുമി! ഇതാ ഞങ്ങളിവിടെ എത്തിയിരിക്കുന്നു.ബദരിനാഥ് ല്‍ എത്തിയ ആവേശത്തില്‍ ഞങ്ങള്‍ ബസില്‍ നിന്നും പുറത്തു ചാടി.പക്ഷെ കൈ കാലുകള്‍ മരവിപ്പിക്കുന്ന തണുപ്പ് ,തിരിച്ചു ബസിലേക്ക് കയറി.കൈയില്‍ ഉള്ള സ്വെറ്റെര്‍,മങ്കി കേപ് ,ഷാള്‍ എന്നുവേണ്ട എന്തൊക്കെ ധരിക്കാന്‍ പറ്റുമോ അതെല്ലാം ഇട്ടു ഞങ്ങള്‍ പുറത്തു വന്നു.രാത്രിയായതിനാല്‍ വഴി കാണുമായിരുന്നില്ല.എന്ത് ചെയ്യണം,എങ്ങോട്ട് പോകണമെന്നറിയാതെ പകച്ചു നില്‍ക്കുകയായിരുന്നു.ഹിന്ദി ഭാഷ പ്രാവിണ്യം വളരെ ശുഷ്കമായിരുന്നു, പോരാത്തതിന് അപരിചിതമായ സ്ഥലവും...അപ്പോള്‍ ഒരു ഗ്രാമീണന്‍ വന്നു റൂം വേണോ എന്ന് ചോദിച്ചു.കൂടെയുള്ള സുരേന്ദ്രനും ബാബു മാഷിനും മാത്രം സ്വല്പം ഹിന്ദി അറിയാം.സുരേന്ദ്രന്‍ പറഞ്ഞു ഞങ്ങള്‍ റാവല്‍ ജി യുടെ ഗ്രാമത്തില്‍ നിന്നാണ് വരുന്നത്.ഉടന്‍ അയാള്‍ ഞങ്ങളുടെ ബാഗും സാധനങ്ങളും എടുത്ത് അയാളുടെ കൂടെ വരുവാന്‍ ആണ്ഗ്യം കാണിച്ചു.ഞങ്ങള്‍ അഞ്ചു പേരെയും അയാള്‍ റാവല്‍ ജി യുടെ താമസ സ്ഥലത്ത് എത്തിച്ചു.ആ ഗ്രാമീണന്റെ രൂപത്തില്‍ ഞങ്ങള്‍ ദൈവത്തെ കണ്ടു.റാവല്‍ ജി യാണ് ബദരി നാഥ് ലെ പ്രധാന പൂജാരി.ശങ്കരാചാര്യര്‍ ആണ് ബദരി നാഥ് ലെ പൂജ വിധികള്‍ തിട്ടപ്പെടുത്തിയത്.കാല കാലങ്ങളായി പയ്യന്നൂരിലെ ശ്രേഷ്ഠ ബ്രാഹ്മണ കുടുംബത്തിലെ ബ്രഹ്മചാരിയെയാണ് ക്ഷേത്ര പൂജാരിയായി നിയമിക്കുന്നത്.അല്‍പ സമയത്തിന് ശേഷം റാവല്‍ ജി യെ കണ്ടു.

ഇപ്പോഴത്തെ റാവല്‍ ജി

ഉടന്‍ ഒരു ചൂട് ചായ തണുത്തു മരവിച്ചു നിന്ന ഞങ്ങളുടെ മുന്നിലെത്തി.പിന്നീടു നാട്ടു വിശേഷമെല്ലാം പറഞ്ഞു ഞങ്ങള്‍ റാവല്‍ ജി യുടെ വീട്ടില്‍ നിന്നും വിഭവ സമൃദ്ധമായ സദ്യ കഴിച്ചു.ആ അച്ചാറിന്റെ രുചി ഇപ്പോഴും നാവില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.



ബ്രഹ്മ കമല്‍...(ഉത്തര്‍ഘണ്ടിന്റെ ദേശിയ പുഷ്പം)

ഞങ്ങള്‍ക്ക് താമസിക്കാനുള്ള സൗകര്യം അടുത്തുള്ള ഒരു ഗസ്റ്റ് ഹൌസില്‍ റാവല്‍ ജി തരപ്പെടുത്തി.ശങ്കരന്‍ നമ്പൂതിരിയെന്ന പയ്യന്നുരുകാരനായിരുന്നു അതിന്റെ നടത്തിപ്പ്കാരന്‍.വളരെ സ്നേഹമുള്ള ഒരു മനുഷ്യനായിരുന്നു ശങ്കരേട്ടന്‍.അദ്ദേഹം റാവല്‍ ജി യുടെ അമ്മാവനാണ്.യാത്ര ക്ഷീണം കൊണ്ട് ഞങ്ങള്‍ രാജായിക്കുള്ളില്‍ കടന്നു.
പിറ്റേന്ന് രാവിലെ അഞ്ചു മണിക്ക് എഴുന്നേറ്റു ചൂട് നീരുറവയായ തപ്തകുണ്ടില്‍ കുളിക്കാന്‍ പോയി.പുറത്തെ അതി ശൈത്യത്തിലും തിളച്ചു മറിയുന്ന തപ്തകുണ്ട് ഞങ്ങളെ അതിശയിപ്പിച്ചു.


തപ്ത കുണ്ട് (ചൂട് നീര്‍ ഉറവ)

തപ്ത കുണ്ട് (ചൂട് നീര്‍ ഉറവ)

പ്രകൃതി ശക്തി മറ്റൊരു രൂപത്തില്‍ ഞങ്ങളെ അത്ഭുതപ്പെടുത്തി.തപ്തകുണ്ടിലെ സ്നാനത്തിനു ശേഷം ബദരി നാഥനെ കണ്ടു വണങ്ങി.

ബദരിനാഥ് ക്ഷേത്രം

തിരിച്ചു റാവല്‍ ജി യുടെ താമസ സ്ഥലത്ത് നിന്നും പ്രാതല്‍ കഴിച്ചു സമീപ പ്രദേശങ്ങള്‍ കാണാനിറങ്ങി.

അളകനന്ദ നദി

നാരദ കുണ്ഡ്

അളകനന്ദ നദിയുടെ ഇരു വശങ്ങളിലായി രണ്ടു മഹാ പര്‍വതങ്ങള്‍ ,നരനാരായണ പര്‍വതങ്ങള്‍..നരനും നാരായണനും തപസ്സു ചെയ്ത സ്ഥലമാണ് ബദരികാശ്രമം.

നീലകണ്‌ഠ പര്‍വതം


നാരായണ പര്‍വതത്തിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയാണ് നീലകണ്‌ഠ പര്‍വതം.പ്രഭാത സൂര്യ കിരണം ഏറ്റു നീലകണ്‌ഠ പര്‍വതം സ്വര്‍ണ കിരീടം ചൂടിയ പോലെ കാണപ്പെട്ടു.അറിയാതെ കൈ കൂപ്പി വണങ്ങി..പ്രകൃതിയുടെ മറ്റൊരു കരവിരുത്.

നര പര്‍വതം ...

ബദരിനാഥ് ല്‍ നിന്നും നാല് കിലോ മീറ്റര്‍ അകലെയാണ് മാന ഗ്രാമം.ഞങ്ങള്‍ മാന ഗ്രാമത്തിലേക്ക് നടന്നു.ഏതാണ്ട് ഒരു മണിക്കൂറിനകം ഞങ്ങള്‍ ഇന്ത്യയുടെ അവസാനത്തെ പോസ്റ്റ്‌ ഓഫീസ് ആയ മാന ഗ്രാമത്തിലെത്തി.





അവിടെ നിന്നു ഒരു കിലോ മീറ്റര്‍ അകലെയാണ് വ്യാസ ഗുഹ.വേദ വ്യാസന്‍ ഗണപതിയെ കൊണ്ട് മഹാഭാരതം എഴുതിച്ചത് ഇവിടെ വച്ചാണ്.സരസ്വതി നദി ഭൂമിയിലേക്ക്‌ അന്തര്‍ധാനം ചെയ്യുന്നത് ഇവിടെയാണ്‌.



അവിടെ സന്ദര്‍ശിച്ചതിനു ശേഷം വസുധാര വെള്ളച്ചാട്ടം കാണാന്‍ പുറപ്പെട്ടു.ഏതാണ്ട് ആറു കിലോ മീറ്റര്‍ നടന്നാല്‍ മാത്രമേ വസുധാര വെള്ളചാട്ടതിലെത്താന്‍ പറ്റൂ..രേണുകൂട പര്‍വതത്തില്‍ നിന്നുമാണ് വസുധാര ഉത്ഭവിക്കുന്നത്.അഷ്ട വസുക്കള്‍ തപസ്സു ചെയ്ത സ്ഥലമാണ് രേണുകൂട പര്‍വതം..ഏതാണ്ട് ഉച്ചയോടെ ഞങ്ങള്‍ വസുധാരയിലെത്തി..അധിക നേരം അവിടെ തങ്ങരുതെന്ന് റാവല്‍ ജി യുടെ പ്രത്യേക നിര്‍ദേശം ഉണ്ടായിരുന്നു.ഉച്ചയ്ക്ക് ശേഷം കാലാവസ്ഥ പെട്ടന്ന് മാറും.പിന്നീടു വരുന്ന തണുത്ത കാറ്റ് പല അസുഖങ്ങളും വരുത്തി വച്ചേക്കും.



വസുധാര വെള്ളച്ചാട്ടം

പരിചയ സമ്പത്ത് ഇല്ലാത്തതിനാല്‍ ഞങ്ങള്‍ യാത്രയില്‍ വെള്ളവും ഭക്ഷണവും കരുതിയിരുന്നില്ല.വസുധാരയിലെത്തിയപ്പോഴേക്കും ഞങ്ങള്‍ തളര്‍ന്നു കഴിഞ്ഞിരുന്നു.വസുധാരയില്‍ നിന്നും വെള്ളം കുടിക്കാമെന്ന് കരുതി ഞങ്ങള്‍ വെള്ളചാട്ടത്തിനടുത്തെക്ക് നടന്നു.പക്ഷെ രേണുകൂടാ പര്‍വതത്തില്‍ നിന്നും വെള്ളം താഴേക്കു എത്തുമ്പോള്‍ ഐസ് ആയി തീര്‍ന്നിരുന്നു.ദാഹിച്ചു വലഞ്ഞ ഞങ്ങള്‍ ഐസ് വാരിത്തിന്നു ദാഹമടക്കി.


പിന്നീടു ഞങ്ങള്‍ വേഗം തിരിച്ചു നടന്നു,റാവല്‍ ജി പറഞ്ഞത് പോലെ കാറ്റ് തുടങ്ങി.കൂടെ അതി ശൈത്യവും,ഏതാണ്ട് രാത്രി 7 മണിയോടെ ഞങ്ങള്‍ ബദരിയില്‍ തിരിച്ചെത്തി.ഭക്ഷണത്തിന് ശേഷം രാജായിക്കുള്ളിലേക്ക് കയറി..പിറ്റേന്ന് പ്രഭാതത്തില്‍ തപ്തകുണ്ടിലെ സ്നാനത്തിനു ശേഷം ബദരിനാഥ് നെ ഒന്ന് കൂടി വണങ്ങി.ഞങ്ങള്‍ റാവല്‍ ജി യോട് യാത്ര പറഞ്ഞു.റാവല്‍ ജി ഞങ്ങള്‍ക്ക് ബദരിനാഥ് നു ചാര്‍ത്തിയ ചന്ദനവും പട്ടും തന്നു അനുഗ്രഹിച്ചു യാത്രയാക്കി.ഞങ്ങള്‍ തുംഗനാഥ് ലേക്ക് പുറപ്പെട്ടു.
























19 comments:

  1. മിഴിവുറ്റ ചിത്രങ്ങളാണ് ഈ ലേഖനത്തിന്റെ ഹൈലൈറ്റ്. ക്യാമറക്കണ്ണിലൂടെ ആയിരുന്നു ജീവിതം എന്നതിന്റെ തെളിവ്. യാത്ര തുടരട്ടെ. ആടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു. എന്നെങ്കിലും ഒരിക്കൽ എനിക്കും പോകാൻ കഴിയും എന്ന പ്രതീക്ഷയോടെ.

    ReplyDelete
  2. ഒരു കാര്യം പറയാൻ മറന്നു.
    ബൂലോകത്തേക്ക് സ്വാഗതം. :)

    ReplyDelete
  3. സുഹൃത്തേ .... ഫോട്ടോകള്‍ എല്ലാം വളരെ വളരെ നല്ലത് ..... വിവരണം കുറച്ചു കൂടി ആകാമായിരുന്നു ...പോകാന്‍ കഴിയാത്തതിന്റെ സങ്കടം വായിച്ചു തീര്‍ക്കാം എന്ന് കരുതി പറയുന്നതാണ് ....ഒന്നും കരുതരുതേ... ഇനിയും എഴുതണം ... ബൂലോകത്തേക്ക് സ്വാഗതം ആശംസിച്ചുകൊണ്ട് ..

    സസ്നേഹം .....

    ReplyDelete
  4. നല്ല വിശദീകരണം, അതി മനോഹരമായ ഫോട്ടോസ്. ആശംസകള്‍!!!

    ReplyDelete
  5. നല്ല ചിത്രങ്ങള്‍ , വിവരണവും
    ഇനിയും ഒരുപാട് യാത്രകള്‍ ആശംസിക്കുന്നു

    ReplyDelete
  6. ഹോ........ കിടുങ്ങി!

    എന്തിനാ എഴുതുന്നേ.. ഈ പടം പോരെ ...

    സജി

    ReplyDelete
  7. നല്ല ചിത്രങ്ങളും വിവരണവും,

    എന്നാലും ഒരു സംശയം അവസാനത്തെ രണ്ട് പടങ്ങളിലും കാണുന്ന വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നു, അതിന് ശേഷം അതെങ്ങോട്ട് പോകുന്നു, പറഞ്ഞതുപോലെ ഐസ് ആകുകയാണെങ്കിലും അതെങ്കിലും അവിടെ കാണണ്ടേ..ആകെ കണ്‍ഫ്യൂഷനായി..

    മറ്റൊന്ന് ഫോട്ടോകള്‍ എടുക്കുമായിരുന്നു എന്ന് കണ്ടു, ഫോട്ടോകള്‍ക്കായി ബ്ലോഗ് ഉണ്ടോ ?

    ആശംസകല്‍

    ReplyDelete
  8. നല്ല വിവരണം, നല്ല ചിത്രങ്ങള്‍, തുടര്‍ച്ചക്കായി കാത്തിരിക്കുന്നു...
    വിവരണം അല്‍പ്പം കുടിയാലും, ചിത്രങ്ങളുടെ എണ്ണം കുറയ്ക്കരുത് കേട്ടോ..

    ReplyDelete
  9. ചിത്രങ്ങളും വിവരണങ്ങളും ഗംഭീരം. നന്ദി ഈ യാത്രാനുഭവങ്ങള്‍ പങ്കു വയ്ക്കുന്നതിന്.( ലിങ്ക് തന്നതിന് നിരക്ഷരനുള്ള നന്ദി കൂടി ഇവിടെ പറഞ്ഞോട്ടെ..)

    ReplyDelete
  10. കിടിലന്‍ ചിത്രങ്ങള്‍. ഇനിയും ഒരു പാട് നല്ല യാത്രാവിവരണങ്ങള്‍ കിട്ടുമെന്നുറപ്പായി.... ..സസ്നേഹം

    ReplyDelete
  11. നിരു,
    നന്ദി!
    ഇങ്ങനെ ഒരാൾ നിശബ്ദനായിരിക്കുന്നെന്ന് പരിചയപ്പെടുത്തിയതിന്.

    ചിത്രങ്ങൾ കാണുമ്പോൾ അവിടെ പോകണമെന്ന് തോന്നുന്നു, എത്രയും വേഗം.
    താങ്ക്സ്!

    ReplyDelete
  12. ഇവിടെ ആദ്യമായാണ് വരുന്നത്... വളരെ നല്ല പോസ്റ്റ്.... ഉഗ്രന്‍ ചിത്രങ്ങള്‍.. വിവരണവും കൊള്ളാം...
    ചുടുനീരുറവയും എല്ലാം കൗതുകകരമായി

    എല്ലാ ആശംസകളൂം...

    ReplyDelete
  13. Nice photos, would like to see your other photos as well.

    ReplyDelete
  14. ഒരു നാള്‍ പോകണം എന്ന ആഗ്രഹത്തെ ശക്തമാക്കാന്‍ താങ്കളുടെ പോസ്റ്റ്‌ കൂടെ .. :)
    നന്നായി... അടുത്ത ഭാഗങ്ങല്‍ക്കായ്‌ കാത്തിരിക്കുന്നു

    ReplyDelete
  15. VIJAYETTA,,,,..--SUPER
    PLEASE.-SEND MORE PHOTOS..

    ReplyDelete
  16. സുഹൃത്തുക്കളെ നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി …

    ReplyDelete
  17. മോഹനം…വസുധാരയുടെ താഴെ മുഴുവൻ ഐസ് ആണു..ഞാനത് ക്യാമറയിൽ പകർത്തിയില്ല എന്നേ ഉള്ളൂ…പഴയ ഒരു ഫോട്ടോയിൽ ഞങ്ങൾ ആ ഐസിനു മുകളിലിരിക്കുന്നതായുണ്ട്…

    ReplyDelete