Saturday, July 2, 2011

മഹാപ്രസ്ഥാനത്തിന്റെ സ്മൃതിപഥങ്ങളിലൂടെ …..ആദിമ സൗന്ദര്യത്തിന്റെ ശൈലശൃംഗങ്ങളിലൂടെ…… ഒരു ദേശാടനം


ആദ്യ ഹിമാലയ യാത്രയിലാണു ആദ്യമായി സത്യപഥത്തെക്കുറിച്ചും സ്വർഗ്ഗാരോഹിണി കൊടുമുടിയെക്കുറിച്ചുമൊക്കെ കേൾക്കാനിടവന്നത്. റാവൽജിയുടെ സംഭാഷണ ശകലമിങ്ങനെയായിരുന്നു.”ഇവിടെ നിന്നും 35 കിലോമീറ്റർ അകലെ ത്രികോണാകൃതിയിലുള്ള ഒരു തടാകമുണ്ട്, സതോപന്ത് തടാകം, താത്പര്യമുണ്ടെങ്കിൽ പോകാം.പക്ഷേ കുറച്ച് നടക്കാനുണ്ട് മഞ്ഞുമൂടിക്കിടക്കുന്ന പ്രദേശമാണു.”അന്നത്തെ യാത്രയിൽ സതോപന്ത് ഉൾപ്പെടുത്താനായില്ലെങ്കിലും ആ വാക്കുകൾ ഞങ്ങൾ മറന്നിരുന്നില്ല.പിന്നീട് വർഷാവർഷം ആഗസ്റ്റ് –സെപ്തംബർ മാസങ്ങളിൽ സുരേന്ദ്രനുമൊന്നിച്ചുള്ള ഹിമാലയ ദേശാടനത്തിലൊരുനാൾ ഉരുത്തിരിഞ്ഞു വന്നതായിരുന്നു സതോപന്ത് യാത്ര. ഹിമവൽ ശൃംഗങ്ങൾക്ക് നടുവിൽ ത്രികോണാകൃതിയിലുള്ള സരോവരം സ്വപ്നത്തിൽ കാണുകയായിരുന്നു.2008 ലെ യാത്രയെക്കുറിച്ച് സഹയാത്രികനായ സുരേന്ദ്രനോട് ചർച്ച ചെയ്യുന്നതിനിടയിൽ സതോപന്ത് കടന്നുവന്നു. സുരേന്ദ്രനും സമ്മതം! പിന്നീട് യാത്രയ്ക്കുള്ള മുന്നൊരുക്കങ്ങളായിരുന്നു. വിഷ്ണുനമ്പൂതിരിയെ വിളിച്ച് ഹരിദ്വാറിലെ താമസവും മറ്റും ശരിയാക്കി. ശങ്കരേട്ടനെ വിളിച്ച് ബദരിയിലെ കാലാവസ്ഥയെക്കുറിച്ച് വിശദമായി അന്വേഷിച്ചു. ഇത്തവണ ഞങ്ങളുടെ ലക്ഷ്യം സതോപന്താണെന്നറിഞ്ഞപ്പോൾ ശങ്കരേട്ടൻ യാത്രയ്ക്ക് വേണ്ട സൗകര്യങ്ങളെല്ലാം ശരിയാക്കിത്തരാമെന്നേറ്റു. അങ്ങനെ ജൂലായ് 28നു ദില്ലിയിലേക്ക് പുറപ്പെട്ടു. തലസ്ഥാന നഗരിക്ക് കാര്യമായ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. തിരക്കൊഴിഞ്ഞ ബസ് സ്റ്റാന്റിൽ നിന്നും ഹരിദ്വാറിലേക്ക് ബസ് കയറുമ്പോൾ സമയം രാത്രി 11.30 കഴിഞ്ഞിരുന്നു. ടിക്കറ്റ് രാവിലെത്തന്നെ ബുക്ക് ചെയ്തിരുന്നതിനാൽ സീറ്റിനുവേണ്ടി തിക്കിത്തിരക്കേണ്ടി വന്നില്ല.സുദീർഘമായ ട്രെയിൻ യാത്രയുടെ ക്ഷീണം കാരണം ബസിൽ കയറിയപ്പോഴേ ഉറക്കം തൂങ്ങിത്തുടങ്ങി. രാവിലെ അഞ്ച് മണിയോടെ ഹരിദ്വാറിലെത്തി. ഇതിനോടകം തന്നെ ഹരിദ്വാറും പരിസരവും ചിരപരിചിതമായിരുന്നു.അയ്യപ്പക്ഷേത്രത്തിലേക്ക് നടന്നപ്പോൾ ആദ്യ ഹിമാലയ യാത്രയുടെ സ്മരണകൾ ഓടിയെത്തി. വിഷ്ണു നമ്പൂതിരി താമസമെല്ലാം ശരിയാക്കിയിരുന്നു.അല്പനേരത്തെ വിശ്രമത്തിനു ശേഷം മനസാദേവി ക്ഷേത്രദർശനത്തിനു പോയി.
ഹരിദ്വാറിനോടും ഋഷികേശിനോടും ദേവഭൂമിയിലേക്കുള്ള പ്രവേശനകവാടമെന്ന ആത്മബന്ധമുണ്ട്. മനസാദേവി ദർശനത്തിനു ശേഷം ഋഷികേശിലേക്ക് ഒരു ഓട്ടോയിൽ പുറപ്പെട്ടു.ഋഷികേശിൽ ധാരാളം ക്ഷേത്രങ്ങളും ആശ്രമങ്ങളുമുണ്ട്.ഗംഗാനദിക്ക് കുറുകെ രണ്ട് തൂക്ക് പാലങ്ങൾ പണിതിരിക്കുന്നു.രാം ഝൂലയും ലക്ഷ്മൺ ഝൂലയും.ഗംഗയുടെ തീരത്തിലൂടെ അല്പദൂരം നടന്നു.ദീപാലംകൃതമാണു ഋഷികേശ്. സമയക്കുറവ് മൂലം തിരിച്ച് ഹരിദ്വാറിലേക്ക് മടങ്ങി.
അയ്യപ്പക്ഷേത്രത്തിൽ നിന്ന് 8 മണിയോടെ അത്താഴം കഴിച്ച് ഞങ്ങൾ ഉറങ്ങാൻ കിടന്നു. പിറ്റേന്ന് രാവിലെ 4 മണിക്ക് തന്നെ എഴുന്നേറ്റു. പ്രഭാതകൃത്യങ്ങൾക്ക് ശേഷം ബസ് സ്റ്റാന്റിലേക്ക് നടന്നു. 5 മണിക്കാണു ബദരിയിലേക്കുള്ള ബസ്. വിഷ്ണു നമ്പൂതിരി തലേന്ന് തന്നെ ടിക്കറ്റ് ബൂക്ക് ചെയ്തിരുന്നു. കൃത്യസമയത്ത് തന്നെ ബസ് പുറപ്പെട്ടു. ജയ് ബദരി വിശാൽ..ആരോ വിളിച്ചു പറഞ്ഞു, ഞങ്ങളെല്ലാവരും അത് ഏറ്റു വിളിച്ചു.”ജയ് ബദരി വിശാൽ”!
11 മണിയോടെ ഞങ്ങൾ രുദ്രപ്രയാഗിലെത്തി. പ്രയാഗ് എന്നാൽ സംഗമം എന്നർഥം. മന്ദാകിനിയും അളകനന്ദയും ഇവിടെ സംഗമിക്കുന്നു. പ്രഭാത ഭക്ഷണത്തിനായി കുറച്ച്നേരം വാഹനം നിർത്തി.രുദ്രപ്രയാഗിൽ നിന്നും പിന്നീടുള്ള യാത്ര ദുർഘടമായ മലമ്പാതയിലൂടെയാണു.ചെങ്കുത്തായ മലനിരകളിലൂടെയുള്ള യാത്ര അത്യന്തം ഭീതിജനകമായിരുന്നു.താഴെ അത്യഗാധതയിലൂടെ ഒഴുകുന്ന അളകനന്ദ. കർണ്ണപ്രയാഗും നന്ദപ്രയാഗും താണ്ടി ഉച്ചയോടെ ഞങ്ങൾ ചമോളിയിലെത്തി.ഹെയർപിൻ വളവുകളും മലയിടുക്കുകളുമാണു പിന്നീടുള്ള യാത്രയിൽ…ജോഷമഠിൽ നിന്നും വൺവേ ട്രാഫിക് ആയിരുന്നു ബദരിയിലേക്ക്.ഹിമാലയ പർവ്വതനിരകൾക്ക് പ്രായം കുറവാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു.മലയിടിച്ചിൽ ഈ പ്രദേശങ്ങളിൽ നിത്യസംഭവമാണു. വിഷ്ണുപ്രയാഗിലാണു മലയിടിച്ചിൽ കൂടുതൽ ഉണ്ടാകുന്നത്.ഗതാഗത തടസ്സം സാധാരണമാണു.പട്ടാളത്തിനാണു റോഡ് പരിപാലനത്തിന്റെ ചുമതല. കാലാവസ്ഥ അനുകൂലമായിരുന്നതിനാൽ സന്ധ്യയോടെ ബദരിനാഥിലെത്താൻ സാധിച്ചു.
റാവൽജിയെ കണ്ട് സതോപന്ത് യാത്രയെക്കുറിച്ച് ധരിപ്പിച്ചു. വഴികാട്ടിയായി ബാബുസ്വാമിയെന്ന ഗുരുവായൂരുകാരനെ റാവൽജി ഏർപ്പാടാക്കി.യാത്രയ്ക്ക് വേണ്ട സാമഗ്രികളൊരുക്കുവാനായ് ബാബു സ്വാമി ഇരുട്ടിൽ മറഞ്ഞു.ഞങ്ങൾ ക്ഷേത്രദർശനത്തിനായി പോയി. 8 മണിയോടെ ബാബുസ്വാമി അഞ്ച് ദിവസത്തെ യാത്രയ്ക്കു വേണ്ട ടെന്റ്, സ്റ്റൗ,ധാന്യങ്ങൾ,പച്ചക്കറികൾ,ബിസ്കറ്റ്,ചപ്പാത്തി എന്നിവ പാക്ക് ചെയ്തു. റാവൽജിയുടെ ഭവനത്തിൽ നിന്ന് ഭക്ഷണം കഴിച്ച് ഞങ്ങൾ വിശപ്പടക്കി.അതി രാവിലെ യാത്ര തുടരേണ്ടതിനാൽ ഉറക്കമിളയ്ക്കേണ്ട എന്ന് റാവൽജി ഉപദേശിച്ചു.
അതിരാവിലെ തന്നെ സതോപന്ത് ലക്ഷ്യമാക്കി ഞങ്ങൾ യാത്രയാരംഭിച്ചു.അളകനന്ദയുടെ വലതുകരയിലൂടെ മനാഗ്രാമത്തിലേക്ക് ഞങ്ങൾ നടന്നു.പ്രസന്നമായ കാലാവസ്ഥയായിരുന്നു. നര നാരായണ പർവ്വത നിരകൾ തലയുയർത്തി നിൽക്കുന്ന കാഴ്ച ആരേയും ആകർഷിക്കും സൂര്യോദയമായതിനാൽ മഞ്ഞണിഞ്ഞ നീലകണ്ഡപർവ്വതം സ്വർണ്ണവർണ്ണമണിഞ്ഞിരിക്കുന്നു. ബദരിനാഥും പരിസരവും ഉണർന്നുവരുന്നതേയുള്ളൂ. നല്ല സുഖമുള്ള ഹിമക്കാറ്റ്,ഹരിതാഭയണിഞ്ഞ പുൽമേടുകളിൽ വിവിധവർണ്ണങ്ങളിലുള്ള പുഷ്പങ്ങൾ പൂത്തുനിൽക്കുന്നു.
നീലകണ്ഠ പർവ്വതം
ദൂരെ മലഞ്ചെരിവിൽ ചെമ്മരിയാടിൻ പറ്റങ്ങൾ മേഞ്ഞു നടക്കുന്നു. അല്പ നേരത്തെ നടത്തത്തിനു ശേഷം ഞങ്ങൾ മാനാഗ്രാമത്തിലെത്തി.പുരാണത്തിൽ മണിഭദ്രയെന്നറിയപ്പെടുന്ന ഈ ഗ്രാമത്തിലാണത്രേ യക്ഷൻ താമസിച്ചിരുന്നത്.
മഹാഭാരതത്തിലെ മഹാപ്രസ്ഥാന പർവ്വത്തിൽ പാണ്ഡവരുടെ സ്വർഗ്ഗാരോഹണയാത്രയെക്കുറിച്ച് വിവരിച്ചിരിക്കുന്നു. സതോപന്ത് തടാകത്തിനപ്പുറത്ത് സ്ഥിതിചെയ്യുന്ന സ്വർഗ്ഗാരോഹിണി കൊടുമുടിയായിരുന്നു പാണ്ഡവരുടെ ലക്ഷ്യം..മഹാഭാരതം വായിച്ച് അതിൽ പറഞ്ഞിരിക്കുന്ന ബദരികാശ്രമം, മണിഭദ്ര, വസുധാര തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുമ്പോഴുള്ള അനുഭൂതി പറഞ്ഞറിയിക്കാൻ കഴിയാത്തതാണു.
നീലകണ്ഡ പർവ്വതത്തിന്റെ നിമിഷാർദ്ധം കൊണ്ടുള്ള നിറപ്പകർച്ചകൾ ആരെയും അത്ഭുതപ്പെടുത്തും.ചിലപ്പോൾ സ്വർണ്ണവർണ്ണം, ചിലപ്പോൾ വെള്ളിനിറം,മറ്റ് ചിലപ്പോൾ മേഘാവൃതം. അല്പദൂരം നടന്നപ്പോൾ വ്യാസഗുഹ കണ്ടു. വ്യാസമഹർഷി ഗണപതിക്ക് മഹാഭാരതം പറഞ്ഞുകൊടുത്തത് ഇവിടെ വച്ചാണത്രേ..തൊട്ടടുത്തുതന്നെയാണു ഗണപതി ഗുഹ..മാനയിൽ നിന്നും വസുധാരയിലേക്കുള്ള വഴിയിലാണു ഭീം പൂൾ..സരസ്വതി നദിയുടെ ഉത്ഭവം ഇതിനടുത്താണു. അവിടെ നിന്നും കുറച്ചകലെയാണു കേശവപ്രയാഗ്.
മഹാപ്രസ്ഥാനത്തിൽ ദ്രൗപദി ഇഹലോകവാസം വെടിഞ്ഞത് കേശവപ്രയാഗിലായിരുന്നുവത്രേ…പഞ്ചപാണ്ഡവരും ദ്രൗപദിയും പിന്നെയൊരു നായയുമായിരുന്നവത്രേ സ്വർഗ്ഗാരോഹണയാത്രയിൽ ഉണ്ടായിരുന്നത് മനാഗ്രാമത്തിൽ നിന്നും നാലുകിലോമീറ്റർ അകലെയാണു വസുധാര വെള്ളച്ചാട്ടം..അഷ്ടവസുക്കൾ തപസ്സുചെയ്ത രേണുകൂടാപർവ്വതത്തിൽ നിന്നാണു വസുധാര വെള്ളച്ചാട്ടത്തിന്റെ പിറവി.വസുധാരയിലേക്ക് ഞങ്ങൾ നടന്നു.ചെറിയ കയറ്റങ്ങൾ കയറി ഞങ്ങൾ വസുധാരയിലെത്തി വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യമാസ്വദിച്ചു.
ലക്ഷ്മിവനമായിരുന്നു അടുത്ത ലക്ഷ്യം.നീണ്ടു പോകുന്ന ഒറ്റയടിപ്പാത; ബാബുസ്വാമി ഞങ്ങൾക്ക് വഴികാട്ടിയായി മുന്നിൽ നടന്നു. രാത്രി താവളം ലക്ഷ്മിവനത്തിലാണു. പുലർച്ചെ വീണ്ടും യാത്ര. ചെങ്കുത്തായ പർവ്വതനിരകൾ താണ്ടി ഞങ്ങൾ നടന്നു.ക്രമേണ പ്രാണവായുവിന്റെ അളവു കുറഞ്ഞു വന്നു.അത് നടത്തത്തിന്റെ വേഗതയെ ബാധിച്ചു. ശരീരം വല്ലാതെ തളർന്നു. മഞ്ഞുമൂടിയ മലനിരകൾക്ക് നടുവിലൂടെ വളഞ്ഞ് പുളഞ്ഞ് ഒറ്റയടിപ്പാത. .അനന്തമായ ആകാശത്തിന്റെ അതിരുകൾ ഭേദിച്ചു വെള്ളപുതച്ച കൊടുമുടികൾ..ഹിമാലയത്തിലെ ശുദ്ധമായ വായുവും പ്രകൃതിയും. മനസ്സിന്റെ എല്ലാ ഭാരങ്ങളും ഇറക്കിവച്ച് ഞങ്ങൾ പ്രയാണം തുടർന്നു. ഉണ്ടക്കല്ലുകളും പാറക്കെട്ടുകളും ചവിട്ടിക്കയറി ഒരു പർവ്വത ചെരിവിലെത്തി. ദൂരെ പച്ചപ്പരവതാനിവിരിച്ച മൈതാനം. വളരെയടുത്തെന്നു തോന്നിച്ച മൈതാനം നടന്നിട്ടും എത്താത്ത ദൂരത്തേക്ക് അകന്നകന്ന് പോകുന്നതുപോലെ.. ശ്വാസതടസ്സം അനുഭവപ്പെട്ടെങ്കിലും ഗ്ലൂക്കോസും ഉണക്കപ്പഴങ്ങളും കഴിച്ച് മെല്ലെ മെല്ലെ കയറ്റം തുടർന്നു..നിരവധി വർണ്ണങ്ങളിലുള്ള പുഷ്പങ്ങൾ നിറഞ്ഞ മൈതാനത്ത് ഒടുവിൽ ഞങ്ങൾ എത്തിച്ചേർന്നു. അവിടെ അല്പനേരമിരുന്നു ക്ഷീണമകറ്റി.സുരേന്ദ്രനും സുഹൃത്തുക്കളും നടത്തമാരംഭിച്ചു.
ഞാൻ പുഷ്പങ്ങളേയും മലനിരകളേയും ക്യാമറയിൽ പകർത്തി.കുറച്ചകലെ ഇളം മഞ്ഞനിറത്തിലുള്ള പുല്ലുകൾ വളർന്നുനിൽക്കുന്നു.മൈതാനങ്ങൾക്കപ്പുറം രണ്ട് പർവ്വതനിരകൾ അവയ്ക്ക് മദ്ധ്യേ ഐസ് മെത്ത.ഒറ്റനോട്ടത്തിൽ ഒരു ഗ്ലേഷിയറാണെന്ന് മനസ്സിലായി.മുഴുവനും ഐസ്മൂടിയ കൂറ്റങ്ങൾ പർവ്വതങ്ങൾ പാർശ്വങ്ങളിൽ കാണാം. സമയം സന്ധ്യയോടടുക്കുന്നു.തണുപ്പും വർദ്ധിച്ചു വന്നു.ലക്ഷ്മീ വനത്തിലെത്താനുള്ള വെമ്പലിൽ നടത്തത്തിന്റെ വേഗതകൂട്ടി.ദൂരെ ശിഖരം കൂർത്ത നിലയിലുള്ള ഭീമൻ പർവ്വതം കണ്ടു.അതിനു ചേർന്ന് ഗുഹാമുഖവും.സുരേന്ദ്രനും സുഹൃത്തുക്കളുമവിടെ വിശ്രമിക്കുകയായിരുന്നു.നടന്ന് ഞാൻ ഗുഹയ്ക്കടുത്തെത്തി.ഗഡ് വാളി പാചകം തുടങ്ങിയിരുന്നു.
ലക്ഷ്മിവനത്തിലെ പർവ്വത ഭീമൻ
നാലുപേർക്ക് കഷ്ടിച്ച് കഴിഞ്ഞ് കൂടാവുന്ന ഗുഹയിൽ ഞങ്ങളേഴുപേർ കഴിയണം.ലഗേജ് ഗുഹയിൽ വച്ച് ഞാൻ സുരേന്ദ്രന്റെ അടുത്ത് ചെന്നിരുന്നു.ബാബുസ്വാമി പാചകത്തിൽ വ്യാപൃതനായിരുന്നു.അല്പ സമയത്തിനകം അരിയും പരിപ്പും തക്കാളിയും പച്ചക്കറികളുമൊക്കെ ചേർത്ത് തയ്യാറാക്കിയ ആവി പറക്കുന്ന കിച്ചടി മുന്നിലെത്തി.വിശന്ന് തളർന്ന ഞങ്ങൾ കിച്ചടി ആർത്തിയോടെ കഴിച്ചു.ബാബുസ്വാമിയുടെ കിച്ചടിയുടെ സ്വാദ് ഇന്നും നാവിൻ തുമ്പത്തുണ്ട്.
ലക്ഷ്മി വനത്തിലെ പർവ്വതനിരകൾ
ആ ഇടുങ്ങിയ ഗുഹയ്ക്കകത്ത് ഞങ്ങളേഴുപേരും നിദ്രയെ പുൽകി.പിറ്റേന്ന് പുലർച്ചെ തന്നെ എഴുന്നേറ്റു.പ്രഭാതകൃത്യത്തിനു ശേഷം നകുലൻ മൃതിയടഞ്ഞ ലക്ഷ്മി വനം ചുറ്റിക്കണ്ടു.വനമെന്നത് പേരിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങിങ്ങ് കുറച്ച് കുറ്റിച്ചെടികൾ വളർന്ന് നിന്നിരുന്നു.ഗുഹയ്ക്കരികെയുള്ള പർവ്വതമുത്തഛനെ മേഘം മൂടിയിരുന്നു.സന്ധ്യയ്ക്ക് മുൻപ് സതോപന്തിലെത്തണം. ബാബുസ്വാമി മുന്നിൽ നടന്നു.നിയതമായ വഴികളില്ല. കനത്തമൂടൽ മഞ്ഞുകാരണം യാത്ര വളരെപ്പതുക്കെയായിരുന്നു.ദൂരെ ഒരു ഇരമ്പൽ മാത്രം കേൾക്കാനായി.ആ ഇരമ്പൽ ലക്ഷ്യമാക്കി ഞങ്ങൾ നടന്നു.ലക്ഷ്മി വനത്തിൽ നിന്നും തുടർന്നുള്ള യാത്ര അതികഠിനമായിരുന്നു.
ലക്ഷ്മി വനം
ചെങ്കുത്തായ മലയുടെ മുകളിലേക്കാണു യാത്ര.കാലൊന്ന് തെറ്റിയാൽ അഗാധഗർത്തത്തിലേക്ക് വീണത് തന്നെ.ലക്ഷ്മിവനത്തോട് ചേർന്നാണു അളകനന്ദ ഒഴുകുന്നത്. അതിന്റെ കരയിലാണു ചെങ്കുത്തായ പർവ്വതം.കഷ്ടിച്ച് ഒരടി വീതിയിലുള്ള പാതയിൽ പലയിടത്തും അള്ളിപ്പിടിച്ച് കയറേണ്ടി വന്നു.ഇടയ്ക്കിടെ കട്ടിയുള്ള മൂടൽമഞ്ഞ് ഞങ്ങളെ പൊതിഞ്ഞു.അത്തരം സന്ദർഭങ്ങളിൽ ഞങ്ങൾ നടത്തം നിർത്തിവച്ചു. കഠിനമായ കയറ്റത്തിനൊടുവിൽ ഞങ്ങളൊരു ഐസ് പരവതാനിയുടെ മുന്നിലെത്തി.ബാബു സ്വാമി ഞങ്ങൾക്ക് നിർദ്ദേശം നൽകിക്കൊണ്ടിരുന്നു.ഐസിലൂടെ നടക്കുമ്പോൾ വടിയുപയോഗിച്ച് കുത്തിനോക്കാൻ പറഞ്ഞു.ഐസിലെ ചതിക്കുഴികൾ മനസ്സിലാക്കാനാണത്.പലയിടത്തും അഗാധഗർത്തങ്ങളും വിള്ളലുകളും ഒളിച്ചിരിപ്പുണ്ട്.മറ്റൊരു വെല്ലുവിളി സ്നോഫ്രോസ്റ്റ് ആണു.ശരീരം മരവിച്ചു പോകൽ.കൊടും തണുപ്പിലൂടെയുള്ള സഞ്ചാരത്തിൽ ശരീരഭാഗങ്ങൾ മരവിച്ചു മരണം വരെ സംഭവിച്ചേക്കാം.അതിനെ അധിജീവിക്കാനേക പോംവഴി കഴിയുന്നത്ര വേഗത്തിൽ ഗ്ലേഷിയർ കടക്കുകയെന്നതാണു.ബാബു സ്വാമി മുന്നിലും ഞങ്ങൾ പിറകേയുമായി നടന്നു.പലയിടത്തും ഐസ് മണ്ണുമായി കുഴഞ്ഞിരിക്കുന്നു
മൂടൽ മഞ്ഞ് വകവെയ്ക്കാതെ ഞങ്ങൾ മുന്നോട്ട് നടന്നു. ഞങ്ങൾ മറ്റൊരു പർവ്വതത്തിന്റെ പാർശ്വത്തിലെത്തി. അരുവി മുറിച്ചുകടന്നു വേണം യാത്ര തുടരാൻ. ബാബുസ്വാമി നിർദ്ദേശം തന്നു.കഴിയുന്നത്ര വേഗത്തിൽ അരുവി മുറിച്ചു കടക്കണമെന്ന്.ജലനിരപ്പ് എപ്പോഴാണു ഉയരുക എന്നത് അപ്രവചനീയമാണു.മുട്ടറ്റം വെള്ളത്തിൽ നടന്നു തുടങ്ങിയപ്പോഴേക്കും വെള്ളം കയറിത്തുടങ്ങിയിരുന്നു. മറുകരയിലെത്തിയപ്പോഴേക്ക് വെള്ളം അരക്കെട്ട് വരെ ഉയർന്നിരുന്നു. അല്പനേരത്തെ വിശ്രമത്തിനുശേഷം മലനിരകൾ കയറാൻ തുടങ്ങി.കുറച്ചകലെ കണ്ട വെള്ളച്ചാലുകൾ അപ്പോഴേക്കും മൂടൽ മഞ്ഞ് മൂടിയിരുന്നു.കഷ്ടിച്ച് ഒരടി വീതിയിലുള്ള പാതയിൽ ഞങ്ങൾ നടന്നു കയറി.പലയിടത്തും മലയിടിഞ്ഞ് ഉരുളൻ കല്ലുകൾ കുന്നുപോലെ രൂപപ്പെട്ടിരുന്നു. അവയ്ക്ക് മുകളിലൂടെയുള്ള നടത്തം അതീവ ശ്രദ്ധയോടെയായിരിക്കണം.കാലൊന്ന് തെറ്റിയാൽ അഗാധഗർത്തത്തിലേക്ക് വീണേക്കാം…കുറച്ച് നേരത്തെ നടത്തത്തിനു ശേഷം ഞങ്ങൾ ആ അത്ഭുതം കണ്ടു.ഇത്രയും നേരം മൂടൽ മഞ്ഞ് മറച്ചു വച്ച രഹസ്യം! നൂറു കണക്കിനു വെള്ളച്ചാട്ടങ്ങൾ ഒരുമിച്ച് പ്രവഹിക്കുന്ന സഹസ്രധാര…ഞങ്ങൾ സ്തബ്ദരായി.ഞങ്ങൾ താണ്ടിയ മലയുടെ എതിർവശത്തായി സ്ഥിതി ചെയ്യുന്ന മലനിരകളിൽ നിന്നും പാൽ പോലെ ഒഴുകുന്ന ആയിരം നദികൾ.പാർശ്വത്തിൽ അഗാധഗർത്തമാണെന്ന യാഥാർത്ഥ്യം പോലും ഒരു നിമിഷത്തേക്ക് ഞങ്ങൾ മറന്നു പോയി.ദൈവമേ..എങ്ങനെയാണു ഞാൻ ആ അദ്ഭുതം വിവരിക്കുക.എന്റെ വാക്കുകൾക്കും പരിമിതിയില്ലേ…
സഹസ്രധാര
ഇളം നീല മാനത്തിനു കീഴെ ചാരനിറത്തിലുള്ള മലനിരകൾ..അതിൽ പ്രകൃതിയുടെ പാലഭിഷേകമായ് ആയിരം നീർച്ചാലുകൾ.വസുധാരയിലേതു പോലെ തന്നെ താഴെയെത്തുമ്പോഴേക്കും വെള്ളം മഞ്ഞുപൊടിയായി പരിണമിച്ചിരുന്നു.പ്രകൃതിയുടെ അത്ഭുതം..ഗർത്തത്തിലൂടെ അളകനന്ദയുടെ കൈവഴി ഒഴുകുന്നു..ശാന്തമായ്..
സഹദേവൻ മൃത്യുവിനെ പുൽകിയത് സഹസ്രധാരയിൽ വച്ചായിരുന്നത്രേ..എന്റെ മനസ്സ് മന്ത്രിച്ചു..സഹദേവൻ ഭാഗ്യവാൻ..ഇത്ര മനോഹരമായ സ്ഥലത്ത് നിന്നും തിരിച്ചുപോരുവാൻ ആർക്കാണു തോന്നുക.മാദ്രീ പുത്രനു ആ ഭാഗ്യം കൈവന്നിരിക്കുന്നു.
സഹസ്രധാര
ബാബു സ്വാമി ഞങ്ങളോട് വേഗം നടക്കുവാൻ പറഞ്ഞപ്പോഴാണു ദിവാസ്വപ്നത്തിൽ നിന്നുണർന്നത്. മലയിടിച്ചിലിനുള്ള സാധ്യത കണക്കിലെടുത്താണു ബാബുസ്വാമി മുന്നറിയിപ്പ് തന്നത്
ഞങ്ങൾ പർവ്വതനിരകളേയും സഹസ്രധാരയേയും കൈകൂപ്പി വണങ്ങി.
സഹസ്രധാര
അല്പനേരത്തെ നടത്തക്കു ശേഷം ഞങ്ങൾ സമതലപ്രദേശത്തെത്തി. ചുറ്റിനും ചെങ്കുത്തായ പർവ്വതനിരകൾ..നടുവിൽ വൃത്താകൃതിയിലുള്ള സമതലപ്രദേശം. ചക്രതീർത്ഥമെന്നറിയപ്പെടുന്ന ഫലഭൂയിഷ്ടമായ സമതലം. പൂക്കളും കൊച്ചരുവികളും മൈതാനം നിറയെ..വില്ലാളി വീരനായ അർജ്ജുനൻ ഇവിടെയാണു വീണു മരിച്ചത്.
ചക്രതീർത്ഥം
മഹാഭാരതത്തിൽ ജീവന്റെ തുടിപ്പ് അവസാനമായ് കണ്ടത് ഇവിടെയാണു.അക്ഷരാർത്ഥത്തിൽ മഹാഭാരത വചനങ്ങൾ അന്വർത്ഥമാക്കുന്ന അനുഭവങ്ങളാണു ഞങ്ങളെ തേടിയെത്തിയത്.ജീവവായുവിന്റെ കുറവു ഞങ്ങളറിഞ്ഞു.അതികഠിനമായ കയറ്റവും പ്രതീക്ഷിക്കാത്ത ഹിമക്കാറ്റും മഴയും ഞങ്ങളെത്തേടിയെത്തി.മഴ വക വയ്ക്കാതെ മുന്നോട്ടുള്ള ഞങ്ങളുടെ യാത്ര അതീവ ദുഷ്കരമായിരുന്നു.കയറ്റങ്ങളിൽ നിന്നും കാലിടറി സഹയാത്രികർ പലരും മലക്കം മറിഞ്ഞു. ഭാഗ്യം കൊണ്ടോ ദൈവാധീനം കൊണ്ടോ അപകടമൊന്നും സംഭവിച്ചില്ല.മുന്നോട്ടുള്ള നടത്തത്തിനിടയിൽ മനസ്സിനെ നടുക്കുന്ന രീതിയിൽ ഇടിമുഴക്കങ്ങൾ..ബാബുസ്വാമിയാണു ഞങ്ങൾക്കാകാഴ്ച കാണിച്ചുതന്നത്.ഭീമാകാരമായ ഐസ് മലകൾ തകർന്നു വീഴുന്നു.ഞങ്ങൾ പേടിച്ചു വിറങ്ങലിച്ചു.അല്പസമയത്തിനകം കാലാവസ്ഥ വീണ്ടും അനുകൂലമായി.പതിയെ ഞങ്ങളാമലയുടെ നെറുകയിലെത്തി. അല്പനേരത്തെ വിശ്രമത്തിനുശേഷം യാത്ര തുടരാനൊരുങ്ങിയപ്പോൾ ബാബുസ്വാമി അകലേക്ക് വിരൽചൂണ്ടി സതോപന്തിന്റെ കൊടിക്കൂറ ഒരു പൊട്ടുപോലെ. അഗാധമായ ഇറക്കവും ഐസ് പാളികളും താണ്ടിവേണം അവിടെ എത്തിച്ചേരാൻ..സർവ്വശക്തിയും സംഭരിച്ച് ഞങ്ങൾ നടത്തം തുടർന്നു.അഗാധ ഗർത്തങ്ങളും ചതുപ്പുകളും മഞ്ഞിന്റെ ചതിക്കുഴികളും താണ്ടി നടന്നപ്പോൾ മഴയും ആരംഭിച്ചു. ഇപ്പോൾ ഞങ്ങൾ നിൽക്കുന്ന സ്ഥലത്തിനെതിർവശത്തായ് ഭീമാകാരമായ ഒറ്റക്കൽ പാറ നിൽക്കുന്നതു കണ്ടു.ഇതാണത്രെ ഭീംപർ! ഭീമസേനന്റെ ദേഹവിയോഗമിവിടെയായിരുന്നത്രേ..
ഭീംപർ
എം.ടിയുടെ രണ്ടാമൂഴത്തിലെ ഭീമസേനനെ ഓർത്തുപോയി.കുറച്ചകലെ ഗഡ് വാളികൾ ഒരാളെ ഡോളിയിൽ ചുമന്നുകൊണ്ട് വരുന്നതു കണ്ടു.ബാബുസ്വാമി അവരോട് കാര്യങ്ങളന്വേഷിക്കുകയായിരുന്നു.ഐസിൽ കൂടി നടന്നതു കാരണം കാലുകൾ മരവിച്ചുപോയ ആളാണത്രേ ഡോളിയിൽ..മൃതപ്രായനായ അയാളെയും വഹിച്ച് ഗഡ് വാളികൾ നടന്നുനീങ്ങുന്നത് ഞങ്ങൾ നോക്കി നിന്നു .(ഇദ്ദേഹത്തിന്റെ രണ്ട് കാലുകളും ജോഷിമഠിലെ സൈനിക ആശുപത്രിയിൽ വച്ച് മുറിച്ചുമാറ്റേണ്ടി വന്നു എന്ന് ഞങ്ങൾ പിന്നീടറിഞ്ഞു).
മഴ ക്രമേണ ശക്തിപ്രാപിച്ചു സ്വർഗ്ഗാരോഹിണി കൊടുമുടികൾ ദൂരെ നിന്നു കാണാം.
സത്യപദം
നിമിഷനേരങ്ങൾക്കകം മഴമേഘങ്ങൾ മലനിരകളെ കണ്ണിൽ നിന്നും മറച്ചു. സന്ധ്യയോടെ സ്വർഗ്ഗാരോഹിണിയുടെ കീഴെയുള്ള മരതകപ്പച്ച നിറത്തിലുള്ള സതോപന്ത് തടാകത്തിനുമുന്നിൽ ഞങ്ങളെത്തി.മഴ മാറുന്നത് വരെ അടുത്തു കണ്ട ഗുഹയിൽ കയറിയിരുന്നു.അല്പ നേരത്തിനു ശേഷം മഴ നിശ്ശേഷം മാറി.ബാബുസ്വാമിയും ഗഡ് വാളിയും ടെന്റ് നിർമ്മിക്കാനുള്ള പരിപാടികൾ തുടങ്ങി.ഞാനും സുരേന്ദ്രനും സതോപന്ത് തടാകത്തിനു ചുറ്റും നടന്നു. ത്രികോണാകൃതിയിലുള്ള സതോപന്തിന്റെ മൂന്ന് മൂലകളിലായ് ബ്രഹ്മ, വിഷ്ണു, മഹേശ്വരന്മാർ തപസ്സു ചെയ്തിരുന്നു എന്നാണു ഐതിഹ്യം.
സതോപന്ത് തടാകം
മരതക നിറത്തിലുള്ള സതോപന്തിന്റെ സൗന്ദര്യമാസ്വദിച്ചു നടക്കുന്നതിനിടയിൽ സ്വർഗ്ഗാരോഹിണി പർവ്വതത്തിനു എതിർഭാഗത്തായ് തടാകക്കരയിൽ ഒരു ഗുഹ കണ്ടു. കേരളീയനായ ഒരു ഡോക്ടർ വളരെക്കാലമായ് സതോപന്തിൽ തപസ്സനുഷ്ഠിക്കുന്നുണ്ടെന്ന് ബദരിനാഥിൽ നിന്നു തന്നെയറിഞ്ഞിരുന്നു.അദ്ദേഹത്തെക്കാണാനായ് ഞങ്ങളാ ഗുഹയ്ക്കകത്ത് കയറി.ഇരുട്ട് നിറഞ്ഞ ഗുഹയിൽ ജഡാധാരിയായ ഒരു സന്യാസി.പൂർവ്വാശ്രമത്തെക്കുറിച്ച് ചോദിക്കരുതെന്നു റാവൽജി മുന്നറിയിപ്പു തന്നിരുന്നു.അജിത്ത് എന്നാണത്രേ പൂർവ്വാശ്രമത്തിലെ പേരു.പാലക്കാട് സ്വദേശം.ഡോക്ടർ ആയിരുന്നു. അമേരിക്കയിൽ കുറച്ചുകാലം സേവനമനുഷ്ഠിച്ചിട്ടുണ്ടത്രേ..ഞങ്ങൾ കൈകൂപ്പി നമസ്കരിച്ചു. അദ്ദേഹം അകത്തേക്ക് വരാൻ ആംഗ്യം കാണിച്ചു.അടുത്തു ചെന്നിരുന്നു.കാണാൻ ചെറുപ്പക്കാരൻ,വയസ്സ് ഊഹിക്കാൻ പ്രയാസം തോന്നി. ഇത്രയും ത്യാഗം സഹിച്ച് ഈ തടാക തീരത്ത് തപസ്സനുഷ്ഠിക്കുന്ന സ്വാമിയെക്കണ്ടപ്പോൾ എന്തെന്നില്ലാതെ അത്ഭുതം. സുരേന്ദ്രനു സ്വാമിയുടെ ലക്ഷ്യമെന്താണെന്നറിയണം..തെല്ല് സംശയത്തോടെ ചോദിച്ചപ്പോൾ കിട്ടിയ മറുപടി – “അലക്ഷ്യമാണെന്റെ ലക്ഷ്യം”..പിന്നീട് മണിക്കൂറുകളോളം വേദാന്തവും തത്വചിന്തകളും.. ചില രാത്രികളിൽ സതോപന്ത് തടാകക്കരയിൽ നിന്ന് മന്ത്രോച്ചാരണങ്ങളും ശബ്ദങ്ങളും കേൾക്കാമത്രേ..പുറത്തിറങ്ങി നോക്കിയാൽ ആരേയും കാണുവാനും സാധിക്കുകയില്ല.
സതോപന്ത് തടാകം
വിസ്മയത്തോടെ ഞങ്ങൾ പല കഥകളും കേട്ടിരുന്നു. സമയം കടന്നുപോയതറിഞ്ഞില്ല. ബാബുസ്വാമി വന്നു വിളിച്ചപ്പോഴാണു സമയം വൈകിയതറിഞ്ഞത്.തിരിച്ചു നടന്നപ്പോൾ പെരുമഴ പെയ്ത് തോർന്നതുപോലെ തോന്നി.ബാബുസ്വാമി പറഞ്ഞു സന്യാസി സതോപന്തിൽ നിന്നും ബദരിനാഥിലേക്ക് വല്ലപ്പോഴും വരാറുണ്ടത്രേ..തന്റെ എല്ലാ സർട്ടിഫിക്കറ്റുകളും അളകനന്ദയിൽ വലിച്ചെറിഞ്ഞതിനു ശേഷമാണു സ്വാമി സതോപന്തിലെത്തിയത്.അദ്ദേഹം പലപ്പോഴും ബാബാജി നാഗരാജുമായി സംസാരിക്കാറുണ്ടത്രേ…. നിശ്ചലമായ്ക്കിടക്കുന്ന സതോപന്തിന്റെ സൗന്ദര്യമാസ്വദിച്ച് ഞങ്ങൾ ടെന്റിനു മുന്നിലെത്തി.കൂട്ടുകാരെല്ലാം ഭക്ഷണം കഴിച്ച് ഉറക്കത്തിലേക്ക് വഴുതിവീണിരുന്നു.
സ്വർഗ്ഗാരോഹിണി മലനിരകളിലെ മഞ്ഞു പാളികൾ
മറ്റൊരു ഗുഹയിലാണു പാചകം ചെയ്തിരുന്നത്.ബാബുസ്വാമിയുടെ കൂടെ ഗുഹയിലേക്ക് ഞങ്ങൾ നടന്നു.തണുത്ത ശീതക്കാറ്റും മഴയും തുടങ്ങി.ഗുഹാമുഖത്തെത്തിയപ്പോഴേക്കും വസ്ത്രമെല്ലാം നനഞ്ഞു കുതിർന്നു. തണുപ്പും അസഹ്യം.ടോർച്ച് തെളിച്ച് അകത്തേക്ക് കടന്നപ്പോൾ കണ്ട കാഴ്ച…ഞങ്ങൾക്കും, മടക്കയാത്രയിലും കഴിക്കുവാനുമായി കരുതിയ ഭക്ഷണം ഒരു ശ്വാനൻ ശാപ്പിടുന്നു.അന്ന് രാത്രി സതോപന്തിലെ തെളിനീർ കുടിച്ച് ഞങ്ങൾ ടെന്റിനുള്ളിൽ കിടന്നു.
അല്പസമയത്തിനകം അണ മുറിയാത്ത പേമാരി..ശക്തമായ ഇടിമിന്നലും കൂടെ മലയിടിച്ചിലും.ഗ്ലേഷിയറുകൾ ഇടിഞ്ഞുവീഴുന്ന ശബ്ദം! ഭയാനകമായിരുന്നു ആ രാത്രി. ടെന്റിനുള്ളിലേക്കും മഴവെള്ളം ഇരച്ചുകയറി. ഉറങ്ങാതെ ഞങ്ങളേഴുപേരും നേരം വെളുപ്പിച്ചു.
സ്വർഗ്ഗാരോഹിണി മലനിരകളിലെ മഞ്ഞു പാളികൾ
പിറ്റേന്ന് രാവിലേയും മൂടിക്കെട്ടിയ കാലാവസ്ഥയായിരുന്നെങ്കിലും മഴ ശമിച്ചിരുന്നു.രോമകൂപങ്ങൾ തുളച്ചുകയറുന്ന തണുപ്പ്.മൂന്ന് സ്വെറ്ററും ജാക്കറ്റുമെല്ലാം ധരിച്ച് റ്റെന്റിനു പുറത്തുവന്നപ്പോൾ ഞങ്ങൾക്കായ് മേഘങ്ങൾ വഴിമാറി.മുന്നിലതാ നാരായണ പർവ്വതനിരകൾ,അരികിലായ് ചൗകംബാ പർവ്വതം..അവയുടെ ഒത്ത നടുവിലായ് സത്യപഥം. ചൗകംബയിൽ യുധിഷ്ഠിരനും ശ്വാനനും എത്തിച്ചേർന്ന സ്വർഗ്ഗാരോഹിണി കൊടുമുടി.
സത്യപദം
കുറേ നിമിഷങ്ങൾ കൈ കൂപ്പി നിന്നു പോയി. ധർമ്മദേവൻ പുത്രനായ യുധിഷ്ഠിരന്റെ ധർമ്മനിഷ്ഠ പരീക്ഷിച്ച നിമിഷം മനസ്സിൽ തെളിഞ്ഞു വന്നു. സഹോദരന്മാരുടെയും ദ്രൗപദിയുടേയും വിയോഗത്തിൽ തളരാതെ മലമുകളിലെത്തിച്ചേർന്ന ധർമ്മപുത്രർ, കൂടെയുണ്ടായ നായയെയും സ്വർഗ്ഗത്തിലേക്ക് കൊണ്ട് പോകണമെന്ന് ശഠിച്ചപ്പോൾ വെളിവാക്കപ്പെട്ട മഹത്വം!! ചിന്തകൾ മൂടൽ മഞ്ഞുപോലെ മനസ്സിനെ മൂടി.ദൂരെ കണ്ട പാറമേലിരുന്ന് ഞാൻ സ്വർഗ്ഗാരോഹിണിയുടെ ചിത്രം ക്യാമറയിൽ പകർത്തി.അല്പ നേരത്തിനുശേഷം സൂര്യദേവൻ തന്റെ സാന്നിധ്യമറിയിച്ചു.സ്വർണ്ണ രശ്മികൾ സ്വർഗ്ഗാരോഹിണി കൊടുമുടികളിലൂടെ താഴേക്ക് ഒഴുകി വന്നു.പിന്നീടത് സതോപന്തിലെ പച്ചനിറത്തിനു തേജസ്സേകി.ഏതോ ഒരു ദിവ്യശക്തിയുടെ തേജസ്സെന്നോണം അത് ആ പ്രദേശത്തിൽ വ്യാപിച്ചു.എല്ലാം നൊടിയിടയിൽ സംഭവിച്ചു.
പാർവ്വതി കൊടുമുടി
ഹിമാലയം അങ്ങനെയാണു..അപ്രവചനീയമെന്ന വാക്കിനു അതിന്റെ അന്ത:സത്തയെ ഉൾക്കൊള്ളാനാകുമോ? ബാബുസ്വാമി ദൂരെ കുറെ മലനിരകൾ ചൂണ്ടിക്കാണിച്ചു അതാണത്രെ കുബേരന്റെ രാജധാനിയായ അളകാപുരി.
അളകാപുരി (കുബേരന്റെ രാജധാനി)

സതോപന്തിന്റെ തീരത്തു നിന്നു നോക്കിയാൽ നീലകണ്ഠപർവ്വതത്തിന്റെ മറ്റൊരു വശം കാണാം.
സതോപന്തിലെ പ്രകൃതിയുടെ അനിശ്ചിതത്വം ബാബു സ്വാമി ഞങ്ങളെ ഓർമ്മിപ്പിച്ചു. പിന്നെ തലേന്ന് രാത്രിയിൽ ഭക്ഷണമൊന്നും കഴിക്കാത്തതിനാൽ എനിക്കും സുരേന്ദ്രനും നല്ല ക്ഷീണം തോന്നി.
അളകാപുരി (കുബേരന്റെ രാജധാനി)
തുടർന്നുള്ള യാത്രാമദ്ധ്യേ കഴിക്കാനുള്ള ഭക്ഷണം നായ തിന്നതിനാൽ ഇന്നു തന്നെ ബദരിനാഥിൽ തിരിച്ചെത്തണം അതുകൊണ്ട് തന്നെ ഞങ്ങൾ സതോപന്തിനോടും സത്യപദത്തിനോടും വിടചൊല്ലി..മടക്കയാത്ര..
ബാൽ കുണ്ഠ് കൊടുമുടി
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായ് ഞങ്ങൾ യാത്രചെയ്ത ദൂരം ഒരു ദിവസം കൊണ്ട് താണ്ടണം. ബാബുസ്വാമി മുന്നിൽ നിന്നും നയിച്ചു.നടത്തം തുടങ്ങിയതേ മഴയും ആരംഭിച്ചു.
പ്രകൃതി പ്രക്ഷുബ്ധമായി.കാറ്റും മലയിടിച്ചിലും ഞങ്ങളെ വിടാതെ പിന്തുടർന്നു.ഭീം പറും സഹസ്രധാരയും താണ്ടി ഉച്ചയോടെ ഞങ്ങൾ ലക്ഷ്മി വനത്തിലെത്തി.
സഹസ്രധാര
വിശ്രമിക്കാൻ സമയമില്ല ശക്തമായ വിശപ്പും ദാഹവും, മഴയും മണ്ണിടിച്ചിലും.ജീവനോടെ ബദരിയിലെത്തുമോ എന്ന് തോന്നിച്ച നിമിഷങ്ങൾ..ഞങ്ങളുറക്കെ വിളിച്ചു “ജയ് ബദരി വിശാൽ” ആ വിളി മലമുകളിൽ തട്ടി മാറ്റൊലി കൊണ്ടു. അതിൽ നിന്നും വീണ്ടെടുത്ത ഊർജ്ജം രാത്രിയോടെ ബദരിനാഥിലെത്തിച്ചു.
സ്വർഗ്ഗാരോഹിണി മലനിരകൾ
മഹാഭാരതത്തിലെ സവിശേഷമായ സന്ദർഭങ്ങൾക്ക് സാക്ഷ്യം വഹിച്ച,ദൈവതുല്യരായ മഹത്തുക്കളുടെ പാദമുദ്രയണിഞ്ഞ ദേവഭൂമിയിൽ ചെലവഴിച്ച ഓരോ നിമിഷവും ആത്മസാക്ഷാത്കാരത്തിന്റെ നിമിഷങ്ങളാണു.മുൻ തലമുറകളുടെ സുകൃതമാകാം ഞങ്ങളെ ഈ ഭൂമിയിലെത്തിച്ചത്.

Tuesday, April 5, 2011

ഇനി യാത്ര കേദാർനാഥിലേക്ക്….

ചോപ്തിയിൽ നിന്ന് ഗൗരികുണ്ഡ് വഴി കേദാർനാഥിലെത്താം.ബസ് സർവ്വീസ് ഇല്ലാത്തതിനാൽ ജീപ്പ് തന്നെ ശരണം.പലരോടും ചോദിച്ചെങ്കിലും താങ്ങാൻ പറ്റാത്ത വാടക.ഞങ്ങൾ ധൈര്യപൂർവ്വം അല്പ ദൂരം നടന്നു. അപ്പോൾ ലൈൻ റൂട്ടിൽ ഓടുന്ന ജീപ്പ് കണ്ടു.ഡ്രൈവർ ഉഖിമട്ഠ് വരെ എത്തിക്കാമെന്നേറ്റു.30 കിലോമീറ്റർ അകലെയാണു ഉഖിമട്ഠ്.ഒരാൾക്ക് 30 രൂപ നിരക്കിൽ ഞങ്ങൾ ഉഖിമട്ഠിലേക്ക് യാത്രയായി.ഏതാണ്ട് 2 മണിയൊടെ ഉഖിമട്ഠിലെത്തി.വഴി അന്വേഷിച്ചുള്ള യാത്രയായതിനാൽ അതിന്റെ ബുദ്ധിമുട്ടും ആവേശവും ഞങ്ങൾക്കുണ്ടായിരുന്നു.ഉഖിമട്ഠ് തനത് ഉത്തരാഞ്ചൽ ശൈലിയിലുള്ള ഒരു ചെറു പട്ടണമാണ`.ഉഖിമട്ഠിൽ നിന്നും മറ്റൊരു ജീപ്പിൽ കുണ്ഡ് എന്ന സ്ഥലം വഴി 14 കിലോമീറ്റർ സഞ്ചരിച്ച് ഞങ്ങൾ ഗുപ്തകാശിയിലെത്തി.10 രൂപ മാത്രമേ നല്ലവനായ ഡ്രൈവർ വാങ്ങിയുള്ളൂ.കുരുക്ഷേത്ര യുദ്ധത്തിനു ശേഷം കുടുംബാംഗങ്ങളെ കൊന്ന പാപ മോചനത്തിനായി പാണ്ഡവർ വ്യാസമഹർഷിയുടെ നിർദ്ദേശ പ്രകാരം ഭഗവാൻ പരമശിവനെ കാണുവാൻ ചെന്നു.പാണ്ഡവരുടെ ആവലാതികൾ കേൾക്കുന്നതിൽ നിന്നുമൊഴിഞ്ഞു നിൽക്കുവാൻ ശ്രീ പരമേശ്വരൻ ഒളിച്ചു നിന്ന സ്ഥലമാണത്രെ ഗുപ്തകാശി.ഗുപ്തകാശി തരക്കേടില്ലാത്ത ഒരു ചെറുപട്ടണമാണു.ഒരു ചായയ്ക്കു ശേഷം മറ്റൊരു ജീപ്പിൽ ഗൗരികുണ്ഡ് ലക്ഷ്യമാക്കി ഞങ്ങൾ യാത്ര തിരിച്ചു.തണുപ്പ് പതുക്കെ കൂടുവാൻ തുടങ്ങി.സോനപ്രയാഗും കഴിഞ്ഞ് മന്ദാകിനിയുടെ തീരത്തുകൂടെ സഞ്ചരിച്ച് ഞങ്ങൾ അഞ്ചുമണിയൊടെ ഗൗരികുണ്ഡിലെത്തിച്ചേർന്നു.  
തണുപ്പ് അതിന്റെ മൂർദ്ധന്യാവസ്ഥയിലായി.കേദാർനാഥിലേക്കുള്ള പ്രവേശനകവാടമാണു ഗൗരികുണ്ഡ്.ബംഗാളി യാത്രക്കാരെയാണു കൂടുതലായും കാണാൻ കഴിഞ്ഞത്.പാർവതിദേവിയുടെ കുളക്കടവാണത്രെ ഗൗരികുണ്ഡ്.ഗൗരികുണ്ഡിലെ താമസസൗകര്യത്തിനായി ശങ്കരേട്ടൻ ബദരിനാഥിൽ നിന്നും കത്ത് തന്നുവിട്ടിരുന്നു.ഗസ്റ്റ് ഹൗസിൽ താമസം തരപ്പെടുത്തുന്നതിനായിരുന്നു അത്.പക്ഷെ ഞങ്ങളെ നിരാശപ്പെടുത്തിക്കൊണ്ട് ഗസ്റ്റ് ഹൗസിൽ ഇടമില്ല എന്ന വാർത്തയാണു അധികൃതർ തന്നത്.കുറച്ചു നേരത്തെ അന്വേഷണത്തിനു ശേഷം മന്ദാകിനിയുടെ കരയിലുള്ള ഒരു ലോഡ്ജിൽ മുറിയെടുത്തു.റൂമിൽ ലഗേജ് വച്ചതിനു ശേഷം ഭക്ഷണം കഴിക്കുവാൻ വേണ്ടി ഞങ്ങൾ ഹോട്ടൽ അന്വേഷിച്ചു നടന്നു.മുന്നിലതാ ഒരു തെന്നിന്ത്യൻ ഹോട്ടൽ!!നല്ല തിക്കും തിരക്കും..ഞങ്ങളും അകത്തു കയറി.അല്പസമയത്തിനു ശേഷം ആവി പറക്കുന്ന ഇഡ്ഡലിയും സാമ്പാറും മുന്നിലെത്തി.തീ പിടിച്ച വില..ഇഡ്ഡലി ഒന്നിനു 15 രൂപ..രണ്ടിഡ്ഡലിയും ചായയും കഴിച്ച് ഞങ്ങൾ തെരുവിലേക്കിറങ്ങി.കുറച്ചു ദൂരം നടന്നതിനു ശേഷം റൂമിലേക്ക് തിരിച്ചു വന്നു.നല്ല യാത്രാക്ഷീണമുണ്ടായിരുന്നതിനാൽ വേഗം കിടന്നുമന്ദാകിനിയുടെ കളകളാരവം കേട്ട് ഞങ്ങൾ നിദ്രയെ പുൽകി.
രാവിലെ നാലുമണിക്കെഴുന്നേറ്റു. മരംകോച്ചുന്ന തണുപ്പ്.എങ്കിലും ഒന്ന` കുളിച്ച` ഉന്മേഷം വീണ്ടെടുത്തു.അഞ്ചരമണിയൊടെ ഞങ്ങൾ ഗൗരികുണ്ഡിൽ നിന്നും യാത്ര തിരിച്ചു. ഇനി യാത്ര 14 കിലോമീറ്റർ കാൽനടയായാണു.കുതിരപ്പുറത്തും ഡോളിയിലും വേണമെങ്കിൽ പോകാം.ഞങ്ങൾ നടക്കാൻ തീരുമാനിച്ചു.കരിങ്കൽ പാളികൾ നിരത്തിയ നടപ്പാത,കുതിരച്ചാണകം മണക്കുന്ന വഴികൾ……മന്ദാകിനിയുടെ കളകളാരവം..ഇടയ്ക്കിടെ മന്ദാകിനിയിലേക്കൊഴുകി വരുന്ന നീർച്ചാലുകൾ..കുത്തനെയുള്ള കയറ്റം..വഴിയിൽ ഡോളികളെയും കുതിരകളെയും കാണാമായിരുന്നു.പത്തരയോടെ ഞങ്ങൾ രാം പാറയിലെത്തി.കേദാർനാഥ് യാത്രയിലെ ഒരിടത്താവളമാണു രാം പാറ.ഏഴു കിലോമീറ്റർ പിന്നിട്ടിരുന്നു.കൈയിലുണ്ടായിരുന്ന

ഗൗരികുണ്ഡിൽ നിന്നും കേദാർനാഥിലേക്കുള്ള വഴി(കടപ്പാട്:ഗൂഗിൾ)

ഗ്ലൂക്കോസ് കലക്കിയ വെള്ളവും ഈന്തപ്പഴവും കഴിച്ചു ഞങ്ങൾ വിശ്രമിച്ചു.വീണ്ടും ഞങ്ങൾ നടത്തം തുടർന്നു.നടത്തം തീരാത്ത നടത്തം.ആറുമണിക്കൂർ നടത്തത്തിനൊടുവിൽ ഞങ്ങൾ കേദാർനാഥിലേക്കുള്ള കവാടത്തിനു മുന്നിലെത്തി.മന്ദാകിനിക്കു കുറുകെയുള്ള,ഇരുമ്പുപാലത്തിനരികെയുള്ള സിമന്റ് ബഞ്ചിൽ വിശ്രമിച്ചു.അടുത്ത് കുറെ താത്കാലികമായി കെട്ടിയുയർത്തിയ കുറച്ചു കടകൾ കണ്ടു.അസ്ഥി മരവിപ്പിക്കുന്ന തണുത്തകാറ്റ് വീശുന്നു.


ഗൗരികുണ്ഡിൽ നിന്നും കേദാർനാഥിലേക്കുള്ള വഴി(കടപ്പാട്:ഗൂഗിൾ)

സമുദ്രനിരപ്പിൽ നിന്നും 12,400 അടി ഉയരത്തിലാണു ഞങ്ങൾ ഇപ്പോൾ നിൽക്കുന്നത്.ഹിമഭൂമിയിലെ തണുപ്പ് ശരീരത്തിൽ പടരുന്നു.സ്വെറ്ററും തൊപ്പിയും കൈയുറയുമെടുത്തിട്ടു.അടുത്തു കണ്ട കടയിൽ നിന്നും ചൂടുചായ വാങ്ങിക്കുടിച്ചു.കൊടും തണുപ്പിലെ ചൂടു ചായ ഉന്മേഷം പകർന്നു.ഞങ്ങൾക്കു മുന്നിലിരുന്ന സന്യാസി ചിലം നിറയ്ക്കുന്നു.അതു കത്തിച്ചു അയാൾ ആഞ്ഞ് ഒരു പുകയെടുത്തു.എന്നിട്ട് തൊട്ടടുത്തിരുന്നയാൾക്ക് കൈമാറി.ഞങ്ങൾ കൗതുകത്തോടെ നോക്കി നിന്നു.ചായ കുടിച്ചു ഞങ്ങൾ കേദാർനാഥ് ക്ഷേത്രത്തിലെ പൂജാരിയുടെ താമസസ്ഥലത്തെത്തി.

കേദാർനാഥ് ക്ഷേത്രം  (കടപ്പാട്:ഗൂഗിൾ)

ഇവിടത്തെ പൂജാരി കർണ്ണാടകയിൽ നിന്നാണു.റാവൽജി കത്തു തന്നു വിട്ടിരുന്നു,ഇവിടത്തെ താമസസൗകര്യത്തിനു വേണ്ടി.കറുത്തു തടിച്ചരൂപം കത്ത് വായിച്ച് ടെമ്പിൾ റസ്റ്റ് ഹൗസിൽ മുറി ശരിയാക്കിത്തന്നു.റൂമിൽ ലഗേജ് വച്ചതിനു ശേഷം ആറരമണിയോടെ ക്ഷേത്രദർശനത്തിനായി ക്ഷേത്രത്തിലെത്തി,ആരതി കണ്ടു.തിരക്ക് നന്നേ കുറവായിരുന്നു.


കേദാർനാഥ് ക്ഷേത്രം  (ആദ്യ യാത്രയിലെടുത്തത്)
പാണ്ഡവർ ശ്രീ മഹാദേവനെ അന്വേഷിച്ചു കേദാർനാഥിലെത്തിയപ്പോൾ കാളക്കൂറ്റന്റെ രൂപത്തിൽ ഒളിച്ചു നിന്ന ഭഗവാനെ ഭീമൻ തിരിച്ചറിയുകയും കാളയുടെ മുതുകത്ത് കയറിപ്പിടിക്കുകയും ചെയ്തു.തുടർന്ന് ശ്രീ മഹദേവൻ പാതാളത്തിലേക്ക് താഴുകയും ചെയ്തു.പക്ഷെ ഭീമസേനൻ പിടി വിട്ടില്ല.അതിനാൽ കാളയുടെ മുതുകു ഭാഗം അവിടെ ഉറച്ചു പോകുകയും ചെയ്തു.അതുകൊണ്ടു തന്നെ ഇവിടത്തെ പ്രതിഷ്ട്ഠ കാളയുടെ മുതുകു ഭാഗമാണു.പാണ്ഡവരാണു ഈ ക്ഷേത്രം നിർമ്മിച്ചത്.ശ്രീ കോവിലിനു പുറത്തു പാണ്ഡവരുടെയും കുന്തിയുടെയും വിഗ്രഹങ്ങൾ കല്ലിൽ കൊത്തിവച്ചിരിക്കുന്നു.ക്ഷേത്രത്തിനു തൊട്ടുപിന്നിൽ ഹിമവാൻ മാനം തൊട്ട് നിൽക്കുന്നു.ക്ഷേത്രദർശനത്തിനു ശേഷം റൂമിൽ തിരിച്ചെത്തി.കാന്റീനിൽ നിന്നും ചപ്പാത്തിയും ദാലും കഴിച്ചു.സ്പർശനശേഷി ചോർന്നു പോകുന്ന തണുപ്പ്.എട്ടുമണിയോടെ കമ്പിളിപ്പുതപ്പിനും രജായിക്കുമിടയിൽ ഞങ്ങളെല്ലാവരും മരവിച്ചുറങ്ങി.കേദാരിലെ പ്രഭാതം..രാവിലെ ആറുമണിക്കുണർന്നു.കൊടും തണുപ്പ്..താമസസ്ഥലത്തിനടുത്തു തന്നെയുള്ള ശ്രീ ശങ്കരാചാര്യരുടെ സമാധി സ്ഥലത്തേക്ക് നടന്നു.അവിടെ ശ്രീ ശങ്കരാചാര്യരുടെ ഒരു പ്രതിമയും മാർബിളിൽ ചില ശങ്കരസൂക്തങ്ങളും മാത്രംസമാധിസ്ഥലം കണ്ട് ഞങ്ങൾ റൂമിൽ തിരിച്ചെത്തി.എട്ടുമണിയോടെ കാന്റീനിൽ നിന്നും ഉരുളക്കിഴങ്ങ് നിറച്ച ചപ്പാത്തിയും ചായയും കഴിച്ചു.ഭക്ഷണത്തിനു ശേഷം പൂജാരിയെ കണ്ടു.കേദാർനാഥനു അർച്ചനാദ്രവ്യങ്ങൾ അർപ്പിക്കാനാവശ്യപ്പെട്ട് ഒരാളെ കൂടെ വിട്ടു.ക്ഷേത്രത്തിനു മുന്നിലെത്തിയപ്പോൾ അയാൾ കച്ചവടമുറപ്പിക്കുന്നതു പോലെ അർച്ചനയ്ക്കു ലേലം വിളിച്ചു.അഞ്ഞൂറ`,മുന്നൂറ`.എനിക്ക് വല്ലാത്ത സങ്കടം തോന്നി..കാലിച്ചന്തയിലെത്തിയ പ്രതീതി.എങ്ങും കച്ചവടം മാത്രം..കൂടെയുണ്ടായിരുന്ന നാലുപേർ ഒരാൾക്ക് നൂറുരൂപ നിരക്കിൽ ശ്രീ കോവിലിൽ കയറി.ഞാനും ബാബുമാഷും ഇതിൽ നിന്നും വിട്ട് നിന്നു.


കേദാർനാഥ് ക്ഷേത്രത്തിനു പിൻവശം (കടപ്പാട്:ഗൂഗിൾ)

പത്തര മണിയോടെ ഗൗരികുണ്ഡിലേക്ക് മടക്കയാത്രയാരംഭിച്ചു.പന്ത്രണ്ട് മണിയോടെ രാം പാറയിലെത്തി വിശ്രമിച്ചു.വീണ്ടും നടത്തം.തണുപ്പിന്റെ
കാഠിന്യം കുറഞ്ഞു വന്നു.ദീർഘനേരത്തെ നടത്തത്തിനു ശേഷം ഗൗരികുണ്ഡിലെത്തി.ക്ഷേത്ര റസ്റ്റ് ഹൗസിൽ മുറികിട്ടി.നല്ല വിശപ്പ്,തെന്നിന്ത്യൻ ഹോട്ടലിൽ നിന്ന് ഇഡ്ഡലിയും ചട്നിയും കഴിച്ചു.തിരിച്ചു റൂമിലെത്തി.ഗൗരികുണ്ഡിലും ചൂടു നീരുറവയുണ്ട്.മറ്റൊരു തപ്തകുണ്ഡ്.പക്ഷേ ബദരിനാഥിലുള്ളതു  പോലെ ഇറങ്ങിക്കുളിക്കാൻ സൗകര്യമില്ല.ലോഹനിർമ്മിതമായ കാളയുടെ വായിൽ നിന്നും തെറിക്കുന്ന ജലധാര..ബക്കറ്റും കപ്പുമെടുത്ത് അവിടെ ചെന്നു കുളിച്ച് മടങ്ങിയെത്തി.പിറ്റേന്ന് രാവിലെ ഹരിദ്വാറിലേക്ക് തിരിക്കണം..ടിക്കറ്റ് എടുക്കാൻ വേണ്ടി ഞങ്ങൾ പുറത്തേക്കിറങ്ങി.ടിക്കറ്റ് ബൂക്ക് ചെയ്തു.രണ്ട് ദിവസത്തെ കേദാർ നടത്തത്തിന്റെ ക്ഷീണമുണ്ട്.തണുപ്പിവിടെ വളരെക്കുറവാണു.സമാധാനം.മന്ദാകിനിയുടെ ശ്രുതികേട്ട് ഞങ്ങളുറങ്ങി.പിറ്റേന്ന് രാവിലെ ഹരിദ്വാറിലേക്ക് ബസ് യാത്ര..സോനപ്രയാഗ്,കുണ്ഡ്,തില്വാര വഴി 77 കിലോമീറ്റർ..ശ്രീ നഗർ,ദേവപ്രയാഗ് വഴി ഹരിദ്വാറിലേക്ക് 150 കിലോമീറ്റർവൈകുന്നേരം നാലു മണിയോടെ അയ്യപ്പക്ഷേത്രത്തിലെത്തി..ബാഗുകൾ മുറിയിൽ വച്ച്..കുളികഴിഞ്ഞ് തട്ടുകടക്കാരൻ ബാലേട്ടന്റെ അടുത്തെത്തി.മസാല ദോശ കഴിച്ചു..എന്താ സ്വാദ്..തിരിച്ച് ക്ഷേത്രത്തിലെത്തി..വിഷ്ണു നമ്പൂതിരിയോടും,അദ്ദേഹത്തിന്റെ ഭാര്യയോടും പൂജാരിയോടും ബദരിനാഥ്,തുംഗനാഥ്,കേദാർനാഥ് യാത്രാനുഭവങ്ങൾ പങ്കു വച്ചു..പിറ്റേന്ന് കാലത്ത് വിഷ്ണു നമ്പൂതിരിയോട് യാത്ര പറഞ്ഞ്. അടുത്ത വർഷം കാണാമെന്ന ഉറപ്പോടു കൂടി തലസ്ഥാന നഗരിയായ ഡൽഹിയിലേക്ക് ഞങ്ങൾ ബസ് കയറി…….
<><><><><><><><><><>
ഏന്റെ ആദ്യ ഹിമാലയ യാത്രാവിശേഷങ്ങൾ ഇവിടെ അവസാനിക്കുന്നു……..













Thursday, March 24, 2011

തുംഗനാഥ് യാത്ര……..

ബദരിനാഥില്‍‍ നിന്നും രാവിലെ 7 :30 നു ഞങ്ങൾ പുറപ്പെട്ടു.പ്രഭാത സൂര്യന്റെ കിരണങ്ങള്‍ ഏറ്റു ഗന്ധമാധന ഗിരി സ്വർണ പ്രഭയോടെ ശോഭിച്ചു.കല്യാണസൌഗന്ധികം തേടി പോയ ഭീമനെ ഓർത്തു പോയി.ബസ് പതുക്കെ ചുരം ഇറങ്ങി.ഏതാണ്ട് 10 കിലോമീറ്റര്‍ യാത്ര ചെയ്ത് ഞങ്ങള്‍ ഹനുമാന്‍ ഘട്ടില്‍ എത്തി.ഹനുമാന്‍ ഘട്ടില്‍ ഒരു പുരാതന ആഞ്ജനേയ ക്ഷേത്രമുണ്ട്.പിന്നൊരു ദിവസമവിടെ ഇറങ്ങാമെന്ന് കരുതി യാത്ര തുടര്ന്നു .യാത്ര മദ്ധ്യേ രണ്ട അണക്കെട്ടുകളുടെ പണി നടക്കുന്നുണ്ടായിരുന്നു.ഹിമാലയ സൌന്ദര്യമാസ്വദിച്ചു ഞങ്ങള്‍ 9 മണിയോടെ ജോഷിമഠിൽ എത്തി.ശങ്കരാചാര്യരാണ് ജ്യോതിര്മദഠം എന്നറിയപ്പെടുന്ന ജോഷി‍മഠ് സ്ഥാപിച്ചത്.നവംബര്‍ മാസത്തില്‍ ബദരിനാഥ് അടച്ചു കഴിഞ്ഞാല്‍ പിന്നീടുള്ള ആറു മാസകാലം ബദരി നാഥ് നുള്ള പൂജ നടത്തുന്നത് ജോഷി മഠിലാണ്.ഈ കാലയളവില്‍ ബദരി നാഥിൽ ദേവർഷിയായ നാരദന്‍ പൂജ നടത്തുന്നു എന്നാണു സങ്കല്പം.. ഹെയർ പിൻ വളവിലൂടെ ബസ് യാത്ര തുടർന്നു.പത്തര മണിയോടെ ബസ് പിപ്പലിക്കോട്ടിൽ ചായ കുടിക്കാൻ വേണ്ടി നിർത്തി.ഞങ്ങളവിടെ നിന്ന് ചായയും ബിസ്കറ്റും കഴിച്ചു. ചായയ്യ്ക്കൂ ശേഷം വീണ്ടും യാത്ര….പതിനൊന്നര മണിയൊടെ ചമോളിയിലെത്തി.ചെറിയ ഒരു ടൗണാണു ചമോളി.ഞങ്ങളവിടെ ബസി ഇറങ്ങി.തുംഗനാഥിലേക്ക് എത്താൻ ഇനി ഗോപേശ്വർ വഴി ചോപ്തയിലേക്ക് പത്തു കിലോമീറ്റർ യാത്രയുണ്ട്.ആ വഴി ബസ് കുറവായതിനാൽ ഞങ്ങൾ ഒരു ജീപ്പ് വാടകയ്ക്കെടുത്തു.ഞങ്ങൾ ആറുപേരും പിന്നെ ഒരു ബംഗാളി കുടുംബവും ഉണ്ടായിരുന്നു.1500 രൂപയായിരുന്നു ചോപ്തയിലേക്കുള്ള വാടക.12 മണിയൊടെ ചോപ്ത ലക്ഷ്യമാക്കി ഞങ്ങളുടെ ജീപ്പ് കുതിച്ചു.നിത്യ ഹരിത വനങ്ങളും,കസ്തൂരിമാനും ഹനുമാൻ കുരങ്ങുകളും യഥേഷ്ടം വിഹരിച്ചിരുന്ന കാട്ടിലൂടെയായിരുന്നു പിന്നീടുള്ള സഞ്ചാരം.കണ്ണൂർ ജില്ലയിലെ ആറളം കാടുകളിലൂടെയുള്ള യാത്രയെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള യാത്ര.ഒരു നിമിഷം കേരളത്തെക്കുറിച്ച് ഓർത്തു പോയി.ബാബു മാഷ് വിനയചന്ദ്രൻ മാഷുടെ ഒരു കവിത ചൊല്ലി.

“കാടിനു ഞാനെന്തു പേരിടും കാട്ടിലെ കാരണോന്മാർക്കെന്തു പേരിടും”….

ഞങ്ങളുടെ നാടൻ പാട്ടുകൾക്കു മറുപടിയായി അപരാചിത എന്ന പതിനൊന്നുകാരിയുടെ ബംഗാളിപാട്ടുകൾ..രസകരമായ യാത്ര..യാത്രാ ദൈർഘ്യം അറിയാതെ ഞങ്ങൾ ചോപ്തയിലെത്തി.സമയം രണ്ടര കഴിഞ്ഞു.ചോപ്തയിൽ നിന്നും ഏഴു കിലോമീറ്റർ കാൽനട യാത്രയാണു തുംഗനാഥിലേക്ക്.ബംഗാളി കുടുംബം കുതിരപ്പുറത്ത് കയറി യാത്രയായി…അവരുടെ മകൻ ഞങ്ങളുടെ കൂടെ കൂടി..ഓട്ജി!! നല്ല പേര`.സമുദ്ര നിരപ്പിൽ നിന്നും പന്ത്രണ്ടായിരം അടി ഉയരത്തിലാണു തുംഗനാഥ് തലയുയർത്തി നിൽക്കുന്നത്.

യാത്രയിലെ പല നിമിഷങ്ങളും കുടജാദ്രി യാത്രയെ ഓർമ്മിപ്പിച്ചു.ഭൂമിക്ക് പ്രകൃതി കനിഞ്ഞു നൽകിയ സൗന്ദര്യം അവിടെ ഞങ്ങൾ അനുഭവിച്ചറിയുകയായിരുന്നു.നടത്തം സുഗമമാക്കാൻ വേണ്ടി സ്വെറ്ററഴിച്ചു ഞാൻ ബാഗിൽ വച്ചു.ഒരു കോട്ടൺ ഷർട്ടു മാത്രമിട്ടായിരുന്നു എന്റെ നടത്തം.ഞാനും ബാബുമാഷും ഏറ്റവും അവസാനമായാണു നടന്നത്.കഥകൾ പറഞ്ഞും പാട്ട് പാടിയുമായിരുന്നു ഞങ്ങളുടെ നടത്തം.കല്ലുപാകിയ നടവഴികളൊഴിവാക്കി ഞങ്ങൾ മരങ്ങൾക്കിടയിലൂടെ നടന്നു.ചെങ്കുത്തായ കയറ്റം കയറുന്നതിനിടെ പലയിടങ്ങളിലും ശ്വാസം കിട്ടാൻ നന്നേ വിഷമിച്ചു. പുറം വേദനയും തുടങ്ങി.ദീർഘനേരത്തെ നടത്തത്തിനു ശേഷം മഞ്ഞിന്റെ നേർത്ത പാളികളിലൂടെ തുംഗനാഥ് തലയുയർത്തി നിൽക്കുന്നത് കാണാമായിരുന്നു.
തുംഗനാഥ് (കടപ്പാട് :ഗൂഗിൾ)

വൈകുന്നേരം ആറുമണിയോടെ തുംഗനാഥിലെത്തി.അസ്തമയ സൂര്യന്റെ പൊൻ പ്രഭയിൽ നിൽക്കുന്ന തുംഗനാഥിനെ ഞങ്ങൾ വണങ്ങി.
പഞ്ചകേദാരങ്ങളിലൊന്നാണു തുംഗനാഥ്.കേദാർനാഥ്,രുദ്രനാഥ്,മധ്യമഹേശ്വർ,കല്പേശ്വർ എന്നിവയാണു മറ്റ് കേദാരങ്ങൾ..ഇവയിൽ ഏറ്റവും ഉയരത്തിൽ നിലകൊള്ളുന്ന ക്ഷേത്രമാണു തുംഗനാഥ്.ആയിരം വർഷങ്ങൾ പഴക്കമുള്ള ക്ഷേത്രമാണു തുംഗനാഥ് എന്ന് കരുതുന്നു.പഞ്ചപാണ്ഡവരാൽ നിർമ്മിതമാണു പഞ്ചകേദാരങ്ങൾ..അർജുനനാണു തുംഗനാഥ് നിർമ്മിച്ചത്.
ഹരിദ്വാറിലോ ഋഷികേശിലോ കണ്ട തിരക്കുകളോ കച്ചവടമോ ഇവിടെ കണ്ടില്ല.തികച്ചും ശാന്തമായ അന്തരീക്ഷം..താരതമ്യേന തീർഥാടകരുടെ എണ്ണം വളരെ കുറവായിരുന്നു.തുംഗനാഥിന്റെ മറ്റൊരു പ്രത്യേകതയെന്തെന്നാൽ ഹിമാലയത്തിലെ ഉത്തുംഗ ശൃംഗങ്ങളായ നിരവധി പർവ്വതശിഖരങ്ങൾ കാണാമെന്നുള്ളതാണു.ഞങ്ങൾക്കു മുൻപേ എത്തിയ ബംഗാളി കുടുംബം ഞങ്ങൾക്കു വേണ്ടി താമസസൗകര്യം ഒരുക്കിയിരുന്നു.സൂര്യാസ്തമയത്തിനു ശേഷം തുംഗനാഥ് മഞ്ഞിന്റെ വെള്ളക്കുപ്പായമണിഞ്ഞു.തണുപ്പ്..അസഹനീയമായ തണുപ്പ്,സ്വെറ്ററും ജാക്കറ്റും ഷാളും മങ്കി ക്യാപ്പുമണിഞ്ഞ് ഞങ്ങൾ ഭക്ഷണമുണ്ടാക്കുന്ന ഗഡ് വാളി കുടുംബത്തിന്റെ അടുപ്പിനു ചുറ്റും വട്ടമിരുന്നു.എന്റെ നെഞ്ചുവേദന അധികമായി.ഇരിക്കാനും നിൽക്കാനും പറ്റാത്ത അവസ്ഥ.ഇതിന്റെ കൂടെ ഓക്സിജന്റെ കുറവും എന്നെ വളരെയധികം ബുദ്ധിമുട്ടിച്ചു.രാത്രി ഭക്ഷണം പച്ചരിച്ചോറും പരിപ്പുകറിയും…അല്പനേരം സംസാരിച്ചിരുന്നതിനു ശേഷം ഞങ്ങൾ രജായിക്കുള്ളിലേക്കു കടന്നു.അസ്ഥി മരവിപ്പിക്കുന്ന തണുപ്പ്,പുറം വേദനയും നെഞ്ച് വേദനയും കലശലായി.ഇത്തരം സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ വച്ചിരുന്ന മരുന്നുകളടങ്ങിയ ബാഗ് ഹരിദ്വാറിൽ മറന്നു വച്ചിരുന്നു. ഉറക്കമില്ലാത്ത രാത്രി.എങ്ങനെയോ നേരം വെളുപ്പിച്ചു.പുലർച്ചെ നാലുമണിക്ക് ബംഗാളി കുടുംബനാഥൻ ഞങ്ങളെ വിളിച്ചുണർത്തി.സൂര്യോദയം കാണുവാൻ തുംഗനാഥിലെ ഉയർന്ന കൊടുമുടിയായ ചന്ദ്രശിലയിലേക്ക് പോകുവാൻ…പക്ഷേ നെഞ്ചുവേദന എന്നെ അതിനനുവദിച്ചില്ല.കൂടെയുള്ളവർ ചന്ദ്രശിലയിലേക്ക് പുറപ്പെട്ടു.തുംഗനാഥിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയാണു ചന്ദ്രശില..അതികഠിനമായ കയറ്റമാണു അത്രയും ദൂരം..ചന്ദ്രശിലയിൽ നിന്നും കേദാർനാഥ്,ബദരിനാഥ്,എവറസ്റ്റ്,നന്ദാദേവി,കാഞ്ചൻ ജംഗ എന്നീ പർവ്വതനിരകൾ കാണാം.സുഹൃത്തുക്കൾ വരുന്നതും കാത്ത് ഞാൻ വിശ്രമിച്ചു.പോകാൻ കഴിയാത്തതിന്റെ ദു:ഖവും അസഹനീയമായ നെഞ്ചുവേദനയും കാരണമെന്റെ കണ്ണ് നിറഞ്ഞു പോയി.
ചന്ദ്രശിലയിൽ നിന്നും സുഹൃത്തുക്കൾ ആറുമണിയൊടെ തിരിച്ചു വന്നു. ഇതിനകം തുംഗനാഥിലെ പൂജാരിയെ ഞാൻ പരിചയപ്പെട്ടു.മഹേഷ് മട്ടാനി എന്ന വൃദ്ധ ബ്രാഹ്മണനാണു ക്ഷേത്രത്തിലെ പൂജാരി.നാല്പത് വർഷമായി ഈ ക്ഷേത്രത്തിലെ പൂജാകർമ്മങ്ങൾ ചെയ്യുന്നത് ഇദ്ദേഹമാണു.അദ്ദേഹത്തിൽ നിന്നും ക്ഷേത്രത്തിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുവാൻ കഴിഞ്ഞു.പഞ്ചകേദാരങ്ങളിൽ തുംഗനാഥ് ഒഴികെ മറ്റെല്ലാ ക്ഷേത്രങ്ങളിലും ദക്ഷിണേന്ത്യക്കാരാണു പൂജാരികൾ.തുംഗനാഥിലെ പൂജാരി അടുത്തു തന്നെയുള്ള മാക്കു ഗ്രാമത്തിൽ നിന്നുള്ളവരാണു.മഞ്ഞുകാലത്ത് അമ്പലഒ അടച്ച് പൂജാരിയും കുടുംബവും മുകുന്ദനാഥ് എന്ന സ്ഥലത്ത് പ്രതിഷ്ട്ഠയുടെ ബിംബരൂപത്തിൽ പൂജ ചെയ്യുന്നു.തുംഗനാഥ ക്ഷേത്രത്തിനു ബദരിനാഥ് ക്ഷേത്രത്തിനേക്കാൾ കാലപഴക്കം തോന്നിച്ചു.കരിങ്കല്ലിൽ പണിത ഗോപുരവും ക്ഷേത്രാങ്കണവും….ശ്രീ രാമൻ ചന്ദ്രശിലയിൽ തപസ്സനുഷ്ിച്ചതായും ഐതിഹ്യമുണ്ട്.
തുംഗനാഥ് മറ്റൊരു ദൃശ്യം (ആദ്യ യാത്രയിലെടുത്തത്..)

നെഞ്ചുവേദന വകവയ്ക്കാതെ തണുത്തുറഞ്ഞ വെള്ളത്തിൽ കുളിച്ച് തുംഗനാഥനെ വണങ്ങി.പൂജാരിയോട് നന്ദി പറഞ്ഞ് ഞങ്ങൾ തുംഗനാഥിന്റെ പടികളിറങ്ങി…കരുതിവച്ചിരുന്ന റോട്ടിയും മൂസമ്പിയും നടന്നു കൊണ്ട് കഴിച്ചു…ഇറക്കമായതിനാൽ നടത്തം ആയാസകരമായി തോന്നിയില്ല..ഇതിനോടകം തന്നെ ഹിമാലയയാത്രയിൽ സ്വെറ്ററിടാതെ നടക്കരുതെന്ന പാഠം ഞാൻ പഠിച്ചിരുന്നു.ഇനിയുള്ള യാത്ര കേദാർനാഥിലേക്ക്…….




Saturday, February 5, 2011

ഒരു ബദരിനാഥ് യാത്ര....

ഒരു സുഹൃത്തിന്റെ വിവാഹത്തിന് പങ്കെടുക്കുമ്പോഴാണ് എനിക്ക് ഒരു ഫോണ്‍ കാള്‍ വരുന്നത്, ഹിമാലയത്തിലേക്ക് വരുന്നോ ഞങ്ങള്‍ ഇപ്പോള്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍ ക്യൂ വിലാണ് എന്നായിരുന്നു ഫോണ്‍ സന്ദേശം.എന്ത് പറയണമെന്നറിയാതെ മിഴിച്ചു നില്‍ക്കുമ്പോഴാണ് ഒരു ബോധോദയം.ഇനി ഹിമാലയം കൂടി കണ്ടു കളയാം.ഉടന്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍ പറഞ്ഞു.കേരളത്തിലെ പല കാടുകളും അലഞ്ഞു പക്ഷി നിരീക്ഷണവുമായി നടന്ന കാലത്താണ് സംഭവം.2002 ലെ ഒരു ഓഗസ്റ്റ്‌ മാസം.കിട്ടിയ സ്വെറ്ററും കുറച്ചു ഡ്രെസ്സും എടുത്തു കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുകയായിരുന്നു.ജീവിതത്തില്‍ ആദ്യമായാണ്‌ വടക്കേ ഇന്ത്യയും, കവിതകളിലും പുരാണങ്ങളിലും മാത്രം കേട്ടിട്ടുള്ള ഹിമാലയം കാണാന്‍ പോകുന്നത്.കാര്യമായി ഒരു ഗവേഷണം നടത്താനുള്ള സമയം പോലും തന്നില്ല പഹയന്മാര്‍.ഏതായാലും കണ്ണില്‍ കണ്ട പുസ്തകശാലകളിലെല്ലാം തപ്പി രാജന്‍ കാക്കനാടിന്റെ ഹിമവാന്റെ മുകള്‍ത്തട്ടില്‍ ഒപ്പിച്ചു.എന്തായാലും ഒരു മാസത്തെ യാത്രയാണ്.കൂടെയുള്ളവരെല്ലാം എന്റെ കൂടെ പല കാടുകളില്‍, പല രാത്രിയില്‍ തങ്ങിയവര്‍...അങ്ങനെ ഞങ്ങള്‍ കണ്ണൂരില്‍ നിന്നും ഇന്ത്യയുടെ തലസ്ഥാന നഗരിയായ ഡല്‍ഹിയിലേക്കു പുറപ്പെട്ടു.രണ്ടര ദിവസത്തെ യാത്രയ്ക്കൊടുവില്‍ ഡല്‍ഹിയില്‍ എത്തി.ഉച്ചയോടെ തലസ്ഥാന നഗരിയില്‍ എത്തിയെങ്കിലും ഹരിദ്വാരിലേക്കുള്ള ബസ്‌ വൈകുന്നേരം ആണ്.എന്ത് ചെയ്യാന്‍ പൊള്ളുന്ന ചൂടില്‍ ഡല്‍ഹിയുടെ സൌന്ദര്യം ആസ്വദിക്കാമെന്ന അതിമോഹമില്ലാത്തതിനാല്‍ കിട്ടിയ ഒരു ഓട്ടോയില്‍ പേരറിയാത്ത ഏതോ ഒരു ബസ്‌ സ്ടാണ്ടിലേക്ക് പുറപ്പെട്ടു....
വൈകുന്നേരം വരെ ഒണക്ക റൊട്ടിയും പച്ച വെള്ളവുമായിരുന്നു ഭക്ഷണം.കടുകെണ്ണ വയറില്‍ കുഴപ്പമുണ്ടാക്കുമോ എന്ന ഭീതിയും ഉണ്ടായിരുന്നു.എന്തായാലും കാത്തിരുന്നു കാത്തിരുന്നു ഞങ്ങളുടെ ബസ്‌ വന്നു.ഇനി ഹരിദ്വാരിലേക്ക്,ദേവ ഭുമിയുടെ പ്രവേശന കവാടത്തിലേക്ക്.കിട്ടിയ സീറ്റ്‌ ആണെങ്കില്‍ ഏറ്റവും പുറകില്‍ .... ബാഗും ബാക്കി ലഗേജും എവിടെയോ ഒതുക്കി വച്ചിട്ട ഇരുന്നു..ദീര്‍ഘമായ ഒരു ഉറക്കം...രാവിലെ കണ്ണ് തുറന്നപ്പോള്‍ ബസ്‌ ഹരിദ്വാരിലെത്തിയിരുന്നു..
രാവിലെതന്നെ ഹരിദ്വാറിലെ അയ്യപ്പ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു.ഹരിദ്വാറിലെ അയ്യപ്പ ക്ഷേത്രം നടത്തുന്നത് പയ്യന്നൂരിലെ ഒരു ബ്രാഹ്മണ കുടുംബമാണ്. പയ്യന്നുരുകാരായ ഞങ്ങള്‍ക്ക് നല്ല വരവേല്‍പാണ് ലഭിച്ചത്.രാവിലെ ഒരു കോട്ടയംകാരന്റെ ഹോട്ടലില്‍ നിന്നും ദോശയും ചായയും കഴിച്ചു.ഒട്ടും സമയം കളയാതെ ഹരിദ്വാറും പ്രാന്ത പ്രദേശങ്ങളും കാണാന്‍ പുറപ്പെട്ടു.ഒരു ദിവസത്തേക്ക് 500 രൂപ നിരക്കില്‍ അയ്യപ്പന്‍ ക്ഷേത്രത്തിലെ വിഷ്ണു നമ്പൂതിരി ഒരു ഓട്ടോ ഏര്‍പ്പാടാക്കി തന്നു.

ഹരിദ്വാര്‍ ഒരു ദൃശ്യം

ആദ്യം ഞങ്ങള്‍ ഗംഗയെ കാണുവാന്‍ പുറപ്പെട്ടു.ഭഗീരഥന്‍ ഭൂമിയിലേക്ക്‌ കൊണ്ടുവന്ന ആകാശ ഗംഗയെ മനുഷ്യര്‍ അവന്റെ സ്വാര്‍ത്ഥതയ്ക്കായി അണകെട്ടി വഴിമാറ്റി ഒഴുക്കിയിരുന്ന കാഴ്ച പ്രകൃതി സ്നേഹികളായ ഞങ്ങള്‍ക്ക് സങ്കടവും അമര്‍ഷവും തോന്നിപ്പിച്ചു.പിന്നീടു ഞങ്ങള്‍ മനസ ദേവി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു,മനസ്സിലെന്ത് ആഗ്രഹിച്ചാലും സാധിക്കും അതിനാലാണത്രേ മനസാദേവി ക്ഷേത്രം എന്ന പേര് വന്നത് .

ഹരിദ്വാര്‍ മറ്റൊരു ദൃശ്യം ...

ഒരു വലിയ മലയുടെ മുകളിലാണ് മനസാദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.കാല്‍ നടയായും റോപ് വേയിലും ക്ഷേത്ര സന്നിതിയില്‍ എത്തിച്ചേരാം ഞങ്ങള്‍ റോപ് വേയില്‍ പോകാന്‍ തീരുമാനിച്ചു.ടിക്കറ്റ്‌ ക്യൂ വില്‍ നിന്നു.25 രൂപയാണ് ചാര്‍ജ്.ഏതാണ്ട് 10 മിനിറ്റ്നകം ഞങ്ങള്‍ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു.ദേവി ദര്‍ശനത്തിനു ശേഷം ഞങ്ങള്‍ തിരിച്ചു വന്നു.ഉച്ചയ്ക്ക് ശേഷം ഋഷികേശ് ലേക്ക് പുറപ്പെട്ടു.ഋഷികേശ് ഹരിദ്വാരില്‍ നിന്നും ഏതാണ്ട് 25 കിലോ മീറ്റര്‍ അകലെയാണ്.ഋഷികേശ് ല്‍ പ്രശസ്തമായ രണ്ടു തൂക്കു പാലങ്ങള്‍ ഉണ്ട്.ഗംഗാ നദിക്കു കുറുകെയാണ് രാമന്‍ ചുല എന്നും ലക്ഷ്മണ്‍ ചുല എന്നും അറിയപ്പെടുന്ന പാലങ്ങള്‍.ഹരിദ്വാര്‍ പോലെ ഋഷികേശ് ലും ഒരുപാട് ക്ഷേത്രങ്ങളും ആശ്രമങ്ങളും ഉണ്ട്.രാത്രി 7 :30 ഓടെ ഞങ്ങള്‍ തിരിച്ചു ഹരിദ്വാരിലേക്ക് വന്നു. ബദരിനാഥ് ലേക്ക് ടിക്കറ്റ്‌ ബുക്ക്‌ ചെയ്താലേ യാത്ര നടക്കു..അതിനാല്‍ വിഷ്ണു നമ്പൂതിരി ഞങ്ങള്‍ക്ക് വേണ്ടി ടിക്കറ്റ്‌ ബുക്ക്‌ ചെയ്തിരുന്നു.ഒരാള്‍ക്ക്‌ 250 രൂപയാണ് ചാര്‍ജ്.അയ്യപ്പ ക്ഷേത്രത്തിലെ ഊണ് കഴിഞ്ഞു നിദ്ര ദേവി കടാക്ഷിക്കാന്‍ വേണ്ടി ഞങ്ങള്‍ റൂമിലേക്ക്‌ നടന്നു.പിറ്റേന്ന് രാവിലെ 4 മണിക്ക് എഴുന്നേറ്റു.5 മണിക്കാണ് ബസ്‌.വീണ്ടും സീറ്റ്‌ കിട്ടിയത് പിന്നില്‍ ആയിരുന്നു.ഏതാണ്ട് 14 മണിക്കൂര്‍ യാത്രയുണ്ട് ബദരിനാഥ് ലേക്ക്. വലിയ കയറ്റങ്ങളും വളവുകളും കടന്നു ബസ്‌ യാത്രയായി..
സുദീര്‍ഘമായ യാത്രയ്ക്കൊടുവില്‍ രാത്രി 7 :30 നു ഞങ്ങള്‍ ബദരികാശ്രമാതിലെത്തി.ഹിമാലയം,ഞങ്ങളുടെ സ്വപ്ന ഭുമി! ഇതാ ഞങ്ങളിവിടെ എത്തിയിരിക്കുന്നു.ബദരിനാഥ് ല്‍ എത്തിയ ആവേശത്തില്‍ ഞങ്ങള്‍ ബസില്‍ നിന്നും പുറത്തു ചാടി.പക്ഷെ കൈ കാലുകള്‍ മരവിപ്പിക്കുന്ന തണുപ്പ് ,തിരിച്ചു ബസിലേക്ക് കയറി.കൈയില്‍ ഉള്ള സ്വെറ്റെര്‍,മങ്കി കേപ് ,ഷാള്‍ എന്നുവേണ്ട എന്തൊക്കെ ധരിക്കാന്‍ പറ്റുമോ അതെല്ലാം ഇട്ടു ഞങ്ങള്‍ പുറത്തു വന്നു.രാത്രിയായതിനാല്‍ വഴി കാണുമായിരുന്നില്ല.എന്ത് ചെയ്യണം,എങ്ങോട്ട് പോകണമെന്നറിയാതെ പകച്ചു നില്‍ക്കുകയായിരുന്നു.ഹിന്ദി ഭാഷ പ്രാവിണ്യം വളരെ ശുഷ്കമായിരുന്നു, പോരാത്തതിന് അപരിചിതമായ സ്ഥലവും...അപ്പോള്‍ ഒരു ഗ്രാമീണന്‍ വന്നു റൂം വേണോ എന്ന് ചോദിച്ചു.കൂടെയുള്ള സുരേന്ദ്രനും ബാബു മാഷിനും മാത്രം സ്വല്പം ഹിന്ദി അറിയാം.സുരേന്ദ്രന്‍ പറഞ്ഞു ഞങ്ങള്‍ റാവല്‍ ജി യുടെ ഗ്രാമത്തില്‍ നിന്നാണ് വരുന്നത്.ഉടന്‍ അയാള്‍ ഞങ്ങളുടെ ബാഗും സാധനങ്ങളും എടുത്ത് അയാളുടെ കൂടെ വരുവാന്‍ ആണ്ഗ്യം കാണിച്ചു.ഞങ്ങള്‍ അഞ്ചു പേരെയും അയാള്‍ റാവല്‍ ജി യുടെ താമസ സ്ഥലത്ത് എത്തിച്ചു.ആ ഗ്രാമീണന്റെ രൂപത്തില്‍ ഞങ്ങള്‍ ദൈവത്തെ കണ്ടു.റാവല്‍ ജി യാണ് ബദരി നാഥ് ലെ പ്രധാന പൂജാരി.ശങ്കരാചാര്യര്‍ ആണ് ബദരി നാഥ് ലെ പൂജ വിധികള്‍ തിട്ടപ്പെടുത്തിയത്.കാല കാലങ്ങളായി പയ്യന്നൂരിലെ ശ്രേഷ്ഠ ബ്രാഹ്മണ കുടുംബത്തിലെ ബ്രഹ്മചാരിയെയാണ് ക്ഷേത്ര പൂജാരിയായി നിയമിക്കുന്നത്.അല്‍പ സമയത്തിന് ശേഷം റാവല്‍ ജി യെ കണ്ടു.

ഇപ്പോഴത്തെ റാവല്‍ ജി

ഉടന്‍ ഒരു ചൂട് ചായ തണുത്തു മരവിച്ചു നിന്ന ഞങ്ങളുടെ മുന്നിലെത്തി.പിന്നീടു നാട്ടു വിശേഷമെല്ലാം പറഞ്ഞു ഞങ്ങള്‍ റാവല്‍ ജി യുടെ വീട്ടില്‍ നിന്നും വിഭവ സമൃദ്ധമായ സദ്യ കഴിച്ചു.ആ അച്ചാറിന്റെ രുചി ഇപ്പോഴും നാവില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.



ബ്രഹ്മ കമല്‍...(ഉത്തര്‍ഘണ്ടിന്റെ ദേശിയ പുഷ്പം)

ഞങ്ങള്‍ക്ക് താമസിക്കാനുള്ള സൗകര്യം അടുത്തുള്ള ഒരു ഗസ്റ്റ് ഹൌസില്‍ റാവല്‍ ജി തരപ്പെടുത്തി.ശങ്കരന്‍ നമ്പൂതിരിയെന്ന പയ്യന്നുരുകാരനായിരുന്നു അതിന്റെ നടത്തിപ്പ്കാരന്‍.വളരെ സ്നേഹമുള്ള ഒരു മനുഷ്യനായിരുന്നു ശങ്കരേട്ടന്‍.അദ്ദേഹം റാവല്‍ ജി യുടെ അമ്മാവനാണ്.യാത്ര ക്ഷീണം കൊണ്ട് ഞങ്ങള്‍ രാജായിക്കുള്ളില്‍ കടന്നു.
പിറ്റേന്ന് രാവിലെ അഞ്ചു മണിക്ക് എഴുന്നേറ്റു ചൂട് നീരുറവയായ തപ്തകുണ്ടില്‍ കുളിക്കാന്‍ പോയി.പുറത്തെ അതി ശൈത്യത്തിലും തിളച്ചു മറിയുന്ന തപ്തകുണ്ട് ഞങ്ങളെ അതിശയിപ്പിച്ചു.


തപ്ത കുണ്ട് (ചൂട് നീര്‍ ഉറവ)

തപ്ത കുണ്ട് (ചൂട് നീര്‍ ഉറവ)

പ്രകൃതി ശക്തി മറ്റൊരു രൂപത്തില്‍ ഞങ്ങളെ അത്ഭുതപ്പെടുത്തി.തപ്തകുണ്ടിലെ സ്നാനത്തിനു ശേഷം ബദരി നാഥനെ കണ്ടു വണങ്ങി.

ബദരിനാഥ് ക്ഷേത്രം

തിരിച്ചു റാവല്‍ ജി യുടെ താമസ സ്ഥലത്ത് നിന്നും പ്രാതല്‍ കഴിച്ചു സമീപ പ്രദേശങ്ങള്‍ കാണാനിറങ്ങി.

അളകനന്ദ നദി

നാരദ കുണ്ഡ്

അളകനന്ദ നദിയുടെ ഇരു വശങ്ങളിലായി രണ്ടു മഹാ പര്‍വതങ്ങള്‍ ,നരനാരായണ പര്‍വതങ്ങള്‍..നരനും നാരായണനും തപസ്സു ചെയ്ത സ്ഥലമാണ് ബദരികാശ്രമം.

നീലകണ്‌ഠ പര്‍വതം


നാരായണ പര്‍വതത്തിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയാണ് നീലകണ്‌ഠ പര്‍വതം.പ്രഭാത സൂര്യ കിരണം ഏറ്റു നീലകണ്‌ഠ പര്‍വതം സ്വര്‍ണ കിരീടം ചൂടിയ പോലെ കാണപ്പെട്ടു.അറിയാതെ കൈ കൂപ്പി വണങ്ങി..പ്രകൃതിയുടെ മറ്റൊരു കരവിരുത്.

നര പര്‍വതം ...

ബദരിനാഥ് ല്‍ നിന്നും നാല് കിലോ മീറ്റര്‍ അകലെയാണ് മാന ഗ്രാമം.ഞങ്ങള്‍ മാന ഗ്രാമത്തിലേക്ക് നടന്നു.ഏതാണ്ട് ഒരു മണിക്കൂറിനകം ഞങ്ങള്‍ ഇന്ത്യയുടെ അവസാനത്തെ പോസ്റ്റ്‌ ഓഫീസ് ആയ മാന ഗ്രാമത്തിലെത്തി.





അവിടെ നിന്നു ഒരു കിലോ മീറ്റര്‍ അകലെയാണ് വ്യാസ ഗുഹ.വേദ വ്യാസന്‍ ഗണപതിയെ കൊണ്ട് മഹാഭാരതം എഴുതിച്ചത് ഇവിടെ വച്ചാണ്.സരസ്വതി നദി ഭൂമിയിലേക്ക്‌ അന്തര്‍ധാനം ചെയ്യുന്നത് ഇവിടെയാണ്‌.



അവിടെ സന്ദര്‍ശിച്ചതിനു ശേഷം വസുധാര വെള്ളച്ചാട്ടം കാണാന്‍ പുറപ്പെട്ടു.ഏതാണ്ട് ആറു കിലോ മീറ്റര്‍ നടന്നാല്‍ മാത്രമേ വസുധാര വെള്ളചാട്ടതിലെത്താന്‍ പറ്റൂ..രേണുകൂട പര്‍വതത്തില്‍ നിന്നുമാണ് വസുധാര ഉത്ഭവിക്കുന്നത്.അഷ്ട വസുക്കള്‍ തപസ്സു ചെയ്ത സ്ഥലമാണ് രേണുകൂട പര്‍വതം..ഏതാണ്ട് ഉച്ചയോടെ ഞങ്ങള്‍ വസുധാരയിലെത്തി..അധിക നേരം അവിടെ തങ്ങരുതെന്ന് റാവല്‍ ജി യുടെ പ്രത്യേക നിര്‍ദേശം ഉണ്ടായിരുന്നു.ഉച്ചയ്ക്ക് ശേഷം കാലാവസ്ഥ പെട്ടന്ന് മാറും.പിന്നീടു വരുന്ന തണുത്ത കാറ്റ് പല അസുഖങ്ങളും വരുത്തി വച്ചേക്കും.



വസുധാര വെള്ളച്ചാട്ടം

പരിചയ സമ്പത്ത് ഇല്ലാത്തതിനാല്‍ ഞങ്ങള്‍ യാത്രയില്‍ വെള്ളവും ഭക്ഷണവും കരുതിയിരുന്നില്ല.വസുധാരയിലെത്തിയപ്പോഴേക്കും ഞങ്ങള്‍ തളര്‍ന്നു കഴിഞ്ഞിരുന്നു.വസുധാരയില്‍ നിന്നും വെള്ളം കുടിക്കാമെന്ന് കരുതി ഞങ്ങള്‍ വെള്ളചാട്ടത്തിനടുത്തെക്ക് നടന്നു.പക്ഷെ രേണുകൂടാ പര്‍വതത്തില്‍ നിന്നും വെള്ളം താഴേക്കു എത്തുമ്പോള്‍ ഐസ് ആയി തീര്‍ന്നിരുന്നു.ദാഹിച്ചു വലഞ്ഞ ഞങ്ങള്‍ ഐസ് വാരിത്തിന്നു ദാഹമടക്കി.


പിന്നീടു ഞങ്ങള്‍ വേഗം തിരിച്ചു നടന്നു,റാവല്‍ ജി പറഞ്ഞത് പോലെ കാറ്റ് തുടങ്ങി.കൂടെ അതി ശൈത്യവും,ഏതാണ്ട് രാത്രി 7 മണിയോടെ ഞങ്ങള്‍ ബദരിയില്‍ തിരിച്ചെത്തി.ഭക്ഷണത്തിന് ശേഷം രാജായിക്കുള്ളിലേക്ക് കയറി..പിറ്റേന്ന് പ്രഭാതത്തില്‍ തപ്തകുണ്ടിലെ സ്നാനത്തിനു ശേഷം ബദരിനാഥ് നെ ഒന്ന് കൂടി വണങ്ങി.ഞങ്ങള്‍ റാവല്‍ ജി യോട് യാത്ര പറഞ്ഞു.റാവല്‍ ജി ഞങ്ങള്‍ക്ക് ബദരിനാഥ് നു ചാര്‍ത്തിയ ചന്ദനവും പട്ടും തന്നു അനുഗ്രഹിച്ചു യാത്രയാക്കി.ഞങ്ങള്‍ തുംഗനാഥ് ലേക്ക് പുറപ്പെട്ടു.